കൊടകര കുഴൽപ്പണം; പിടിച്ചെടുത്തത് മൂന്നരക്കോടി, തിരഞ്ഞെടുപ്പ് കമ്മീഷന് പൊലീസ് നൽകിയ കത്ത് പുറത്ത്

കൊടകരയിൽ മൂന്നരക്കോടി പിടിച്ചെന്ന വിവരം പൊലീസ് തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിരുന്നു

തൃശ്ശൂർ: കൊടകര കുഴൽപ്പണം സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പൊലീസ് നൽകിയ കത്ത് പുറത്ത്. കൊടകരയിൽ മൂന്നരക്കോടി പിടിച്ചെന്ന വിവരം പൊലീസ് തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിരുന്നു. ബിജെപി തിരഞ്ഞെടുപ്പിലേക്കായി 41 കോടി എത്തിച്ചെന്നും തിരഞ്ഞെടുപ്പ് കമ്മീഷനെ കത്തിലൂടെ അറിയിച്ചിട്ടുണ്ട്. 09-08-2021-ലാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. കുഴൽപ്പണം കടത്തിയതിൽ ബിജെപി നേതാക്കൾക്കുള്ള പങ്ക് സംബന്ധിച്ച വിശദമായ വിവരങ്ങളും ഇതിലുണ്ട്.

ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ് നടത്തിയ വെളിപ്പെടുത്തലിലൂടെയാണ് വീണ്ടും കൊടകര കള്ളപ്പണക്കേസ് ചർച്ചയായത്. കൊടകരയിൽ കുഴൽപ്പണമായി എത്തിയത് ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടാണെന്നായിരുന്നു സതീഷ് വെളിപ്പെടുത്തിയത്. ചാക്കുകെട്ടുകളിലായാണ് പണം എത്തിച്ചതെന്നും പണം കൊണ്ടുവന്നവർക്ക് മുറി എടുത്ത് നൽകിയത് താനാണെന്നും സതീഷ് വെളിപ്പെടുത്തിയിരുന്നു. ആരോപണത്തിന് തൊട്ടുപിന്നാലെ സതീഷിനെ തള്ളി ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രനും ബിജെപി ജില്ലാ പ്രസിഡന്റ് കെ കെ അനീഷ് കുമാറും രംഗത്തെത്തിയിരുന്നു.

കേസിൽ തുടരന്വേഷണവുമായി മുന്നോട്ടുപോകാമെന്ന് സർക്കാരിന് നിയമോപദേശം ലഭിച്ചു. ബിജെപി ഓഫീസ് സെക്രട്ടറിയായിരുന്ന തിരൂർ സതീഷിന്റെ മൊഴി രേഖപ്പെടുത്താൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ നിർദേശം നൽകി. ഈ മൊഴിയെ അടിസ്ഥാനമാക്കി മുന്നോട്ടുപോകാമെന്നും നിയമോപദേശം നൽകിയിട്ടുണ്ട്. നിലവിൽ പാർട്ടിയിൽ നിന്ന് പുറത്താണ് തിരൂർ സതീഷ്.

content highlights: Kodakara hawala case updates

To advertise here,contact us