മന്ത്രിമാരുടെ സ്വഭാവത്തെക്കുറിച്ചുള്ള ബിജെപി കൗൺസിലറുടെ പോസ്റ്റ് വിവാദത്തിൽ; നേതാക്കൾ ഇടപെട്ട് പിൻവലിപ്പിച്ചു

കോഴിക്കോട് കോർപ്പറേഷനിലെ ബിജെപി കൗൺസിലറായ റിനീഷ് ടി യുടെ പോസ്റ്റ് ആണ് വിവാദമായതോടെ നേതാക്കൾ ഇടപെട്ട് പിൻവലിപ്പിച്ചത്

കോഴിക്കോട്: നേതാക്കളും മന്ത്രിമാരും സാധാരണ പ്രവർത്തകരെ അവഗണിച്ചുകൊണ്ട് പെരുമാറരുതെന്ന ബിജെപി കൗൺസിലറുടെ പോസ്റ്റ് വിവാദമായതോടെ നേതാക്കളുടെ ഇടപെടൽ. കോഴിക്കോട് കോർപ്പറേഷനിലെ ബിജെപി കൗൺസിലറായ റിനീഷ് ടി യുടെ പോസ്റ്റ് ആണ് വിവാദമായതോടെ നേതാക്കൾ ഇടപെട്ട് പിൻവലിപ്പിച്ചത്.

കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിനെ പുകഴ്ത്തി അദ്ദേഹത്തോടൊപ്പം നിൽക്കുന്ന ഫോട്ടോക്കൊപ്പം ചില നേതാക്കളുടെ പ്രവർത്തനരീതിയെ വിമർശിച്ചു കൊണ്ടായിരുന്നു റിനീഷിന്റെ പോസ്റ്റ്. സ്വന്തം കഴിവുകൊണ്ട് മാത്രമല്ല സാധാരണ പ്രവർത്തകരുടെ കഷ്ടപ്പാടിന്റെ കൂടി ഫലമാണ് മന്ത്രിമാരും നേതാക്കളും ആകുന്നത്. പ്രവർത്തകരുടെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിഞ്ഞില്ലെങ്കിലും അവരെ കേൾക്കാനെങ്കിലും ഇവർ തയ്യാറാകണമെന്നും റിനീഷ് പോസ്റ്റിൽ ആവശ്യപ്പെട്ടിരുന്നു.

Also Read:

National
'രാഹുലിനെ സ്വാധീനിക്കാൻ അദാനി പരമാവധി ശ്രമിച്ചു, പക്ഷെ അദ്ദേഹം വഴങ്ങിയില്ല'; വെളിപ്പെടുത്തലുമായി പുസ്തകം

അശ്വിനി വൈഷ്ണവിൻ്റെ പ്രവർത്തനരീതി മാതൃകാപരമാണെന്നും റിനീഷ് പറഞ്ഞിരുന്നു. കേരളത്തിൽ നിന്ന് എല്ലാ പാർട്ടികളിലും ഒരുപാട് നേതാക്കളും മന്ത്രിമാരും ഉണ്ടായിട്ടുണ്ട്. എന്നാൽ അവർക്കൊന്നുമില്ലാത്ത ഒരു പ്രത്യേകത അശ്വിനി വൈഷ്ണവിനുണ്ട്. നിവേദനങ്ങളുമായി കാത്തുനിന്നവരെയും പാർട്ടി നേതാക്കളെയും ക്ഷമയോടെ അശ്വിനി വൈഷ്ണവ് കേൾക്കും എന്നതെല്ലാം ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു റിനീഷിന്റെ പോസ്റ്റ്.

സുരേഷ് ഗോപിയും മുൻ മന്ത്രി വി മുരളീധരനും പ്രവർത്തകരിൽ നിന്നും അകലുന്നതായുള്ള വിമർശനം ഉയരുന്ന പശ്ചാത്തലത്തിൽ പോസ്റ്റ് വിവാദമായതോടെ മുതിർന്ന നേതാക്കൾ ഇടപെട്ടാണ് പോസ്റ്റ് പിൻവലിപ്പിച്ചത്. എന്നാൽ പോസ്റ്റ് പിൻവലിച്ചെങ്കിലും തന്റെ നിലപാടിൽ മാറ്റമില്ലെന്നും അശ്വിനി വൈഷ്ണവ് ജനങ്ങളോട് പെരുമാറുന്ന രീതിയെയാണ് താൻ ഉദ്ദേശിച്ചതെന്നും റിനീഷ് അറിയിച്ചു. നേതാക്കളിൽ നിന്ന് തനിക്കും ദുരനുഭവം ഉണ്ടായ സാഹചര്യത്തിലാണ് തന്റെ തുറന്നുപറച്ചിൽ എന്നും എന്നാൽ ആരെയെങ്കിലും ഉദ്ദേശിച്ചല്ല എന്നും റിനീഷ് വ്യക്തമാക്കി.

Content Highlights: bjp councillors fb post on party leaders stirs party

To advertise here,contact us