പാലക്കാട് വോട്ടെടുപ്പ് മാറ്റി; തീരുമാനം കൽപ്പാത്തി രഥോത്സവം പ്രമാണിച്ച്

ബിജെപി, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് തിരുമാനമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി

പാലക്കാട്: പാലക്കാട് വോട്ടെടുപ്പ് മാറ്റി. കല്‍പ്പാത്തി രഥോത്സവം കണക്കിലെടുത്താണ് വോട്ടെടുപ്പ് മാറ്റിയത്. ഈ മാസം 20നായിരിക്കും പാലക്കാട് വോട്ടെടുപ്പ് നടക്കുക. വോട്ടെടുപ്പ് 13ാം തീയതി നടക്കുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. കല്‍പ്പാത്തി രഥോത്സവം പ്രമാണിച്ച് പാലക്കാട് തിരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു.

ബിജെപി, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് തിരുമാനമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. ആകെ പതിനാല് ജില്ലകളിലെ തിരഞ്ഞെടുപ്പാണ് മാറ്റിവെച്ചത്. പഞ്ചാബിലെ ധേര ബാബാ നാനക്, ഛബ്ബേവാള്‍, ഗിഡ്ഡര്‍ബാബ തുടങ്ങിയ മണ്ഡലങ്ങളിലെ വോട്ടെടുപ്പും മാറ്റിവെച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പ് മാറ്റിയ നടപടി സ്വാഗതം ചെയ്യുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷനോട് നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരഞ്ഞെടുപ്പ് രഥോത്സവം കണക്കിലെടുത്ത് മാറ്റിവെക്കുന്നതാണ് ഉചിതമെന്ന് ഇടതുപക്ഷം നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ നിലവിലെ മാറ്റത്തില്‍ ബിജെപിയുടെ പ്രത്യേക താത്പര്യമുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലന്‍ പറഞ്ഞു.

Content Highlight: Palakkad elections postponed; new dates declared

To advertise here,contact us