കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; എം കെ സാനുവിന് കേരള ജ്യോതി; സഞ്ജു സാംസണിന് കേരള ശ്രീ

കേരള ശ്രീ പുരസ്‌കാരത്തില്‍ കായിക വിഭാഗത്തിലാണ് സഞ്ജു പുരസ്‌കാരം നേടിയത്

icon
dot image

തിരുവനന്തപുരം: പത്മ പുരസ്‌കാരങ്ങളുടെ മാതൃകയില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അധ്യാപകനും എഴുത്തുകാരനുമായ എം കെ സാനുവിനാണ് കേരള ജ്യോതി പുരസ്‌കാരം. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് അടക്കം രണ്ട് പേര്‍ കേരള പ്രഭ പുരസ്‌കാരത്തിനും സഞ്ജു സാംസണ്‍ ഉള്‍പ്പെടെ ആറ് പേര്‍ കേരള ശ്രീ പുരസ്‌കാരത്തിനും അര്‍ഹരായി.

കേരള പ്രഭ പുരസ്‌കാരത്തില്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗ് വിഭാഗത്തിലാണ് എസ് സോമനാഥ് പുരസ്‌കാരത്തിന് അര്‍ഹനായത്. കേരള പ്രഭ പുരസ്‌കാരത്തില്‍ കൃഷി വിഭാഗത്തില്‍ ഭുവനേശ്വരിയും പുരസ്‌കാരത്തിന് അര്‍ഹയായി. കേരള ശ്രീ പുരസ്‌കാരത്തില്‍ കായിക വിഭാഗത്തിലാണ് സഞ്ജു പുരസ്‌കാരം നേടിയത്. കലാമണ്ഡലം വിമലാ മേനോന്‍ (കല), ഡോ. ടി കെ ജയകുമാര്‍ (ആരോഗ്യം), നാരായണ ഭട്ടതിരി (കലിഗ്രഫി), ഷൈജ ബേബി (സാമൂഹ്യ സേവനം, ആശാ വര്‍ക്കര്‍), വി കെ മാത്യൂസ് (വ്യവസായ- വാണിജ്യം) എന്നിവരും കേരള ശ്രീ പുരസ്‌കാരത്തിന് അര്‍ഹരായി.

വിവിധ മേഖലകളിലെ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്ത് ഒന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള ജ്യോതി വര്‍ഷത്തില്‍ ഒരാള്‍ക്കും രണ്ടാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള പ്രഭ രണ്ട് പേര്‍ക്കും മൂന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള ശ്രീ അഞ്ച് പേര്‍ക്കുമാണ് നല്‍കുന്നത്. ഓരോ വിഭാഗത്തിലും കൂടുതലായി പുരസ്‌കാരങ്ങള്‍ അനുവദിക്കണമെങ്കില്‍ ആകെ പുരസ്‌കാരങ്ങളുടെ എണ്ണം ഒരു വര്‍ഷത്തില്‍ പത്തില്‍ അധികരിക്കാന്‍ പാടില്ലെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.

Content Highlights- m k sanu and sanju samson get kerala awards

To advertise here,contact us
To advertise here,contact us
To advertise here,contact us