'അപരനോ വിമതനോ?'; ചേലക്കരയിൽ സ്വതന്ത്ര സ്ഥാനാർഥിയായി സിപിഐഎം പ്രവർത്തകൻ ഹരിദാസൻ

കുടമാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഹരിദാസന് ചിഹ്നമായി അനുവദിച്ചിട്ടുള്ളത്

ചേലക്കര: ചേലക്കരയിലെ സ്വതന്ത്ര സ്ഥാനാർഥി ഹരിദാസൻ സിപിഐഎം പ്രവർത്തകൻ. സിപിഐഎമ്മിന്റെയും സിഐടിയുവിന്റെയും സജീവ പ്രവര്‍ത്തകനായ ഹരിദാസന്‍ ചേലക്കരയിൽ കോൺഗ്രസ് സ്ഥാനാർഥി രമ്യ ഹരിദാസിന്റെ അപരനായാണ് മത്സരിക്കുന്നത് എന്നതാണ് സൂചന. പേരിലെ അവസാന വാക്കിലെ സാമ്യമാണ് ഹരിദാസന്റെ സ്ഥാനാർത്ഥിത്വത്തിലേക്ക് നയിച്ചതെന്ന് പറയുമ്പോഴും ഇതിൽ വ്യക്തത വരുത്താൻ സിപിഐഎം തയ്യാറായിട്ടില്ല. സംഭവം പുറത്തായതോടെ ഹരിദാസനെയും ബന്ധപ്പെടാനാവുന്നില്ല.

കുടമാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഹരിദാസന് ചിഹ്നമായി അനുവദിച്ചിട്ടുള്ളത്. യു ആര്‍ പ്രദീപാണ് ചേലക്കരയില്‍ എല്‍ഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി. പ്രദീപിനെ വിജയിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് സിഐടിയു സ്ഥാപിച്ച ഫ്‌ളക്‌സിലും ഹരിദാസന്‍ ഇടംപിടിച്ചുവെന്നതും ശ്രദ്ധേയമാണ്. അതേസമയം ഫ്ലക്സിലെ ഫോട്ടോകൾ കോൺഗ്രസ് തിരഞ്ഞെടുപ്പ് ആയുധമാക്കുന്നുണ്ട്. ഹരിദാസൻ എൽഡിഎഫിന്റെ വിമതനാണോ അപരനാണോ എന്ന് സിപിഐഎം നേതാക്കൾ വ്യക്തമാക്കണമെന്ന് യുഡിഎഫ് നേതാക്കൾ പറഞ്ഞു.

അതേസമയം സിഐടിയു പ്രവർത്തകൻ ഹരിദാസനെ തനിക്കറിയില്ലെന്നും ചേലക്കരയിൽ എൽഡിഎഫിന് ഭീഷണിയോ ആത്മവിശ്വാസക്കുറവോ ഇല്ലെന്നും അതുകൊണ്ട് തന്നെ ഇവിടെ ഒരു അപരനെ രംഗത്തിറക്കേണ്ട ആവശ്യം തനിക്കില്ല എന്നും എൽഡിഎഫ് സ്ഥാനാർഥി യു ആർ പ്രദീപ് പ്രതികരിച്ചു. ചേലക്കരയില്‍ മൂന്ന് മുന്നണിസ്ഥാനാര്‍ഥികളും മൂന്ന് സ്വതന്ത്രരുമാണ് മത്സരരംഗത്തുള്ളത്. ഒരു സ്വതന്ത്രസ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ചിരുന്നു. അന്‍വറിന്റെ ഡിഎംകെയുടെ സ്ഥാനാര്‍ഥി എന്‍ കെ സുധീറിന് ഓട്ടോറിക്ഷയാണ് ചിഹ്നം.

Also Read:

Kerala
യുഡിഎഫ്- ബിജെപി ഡീൽ പൊളിയും, പാലക്കാടും ചേലക്കരയിലും എൽഡിഎഫ് വിജയക്കൊടി നാട്ടും: എംവി ഗോവിന്ദൻ

Content Highlights: Chelakkara independent candidate Haridasan Cpim and Citu worker

To advertise here,contact us