പ്രശാന്തനോ അതോ പ്രശാന്തോ?'പെട്രോൾ പമ്പിന് കരാർ നൽകിയത് കള്ളപ്പേരിൽ, മുഖ്യമന്ത്രിക്കുള്ള പരാതി യഥാർത്ഥ പേരിൽ'

വോട്ടര്‍ പട്ടികയിലും രേഖകളിലും പരാതിക്കാരന്റെ പേര് ടി വി പ്രശാന്തന്‍ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന് മുമ്പാകെ പെട്രോള്‍ പമ്പിന് കരാര്‍ നല്‍കിയ പ്രശാന്തന്‍ കരാര്‍ നല്‍കിയത് കള്ളപ്പേരില്‍. പ്രശാന്തന്‍ പെട്രോള്‍ പമ്പിന് സ്ഥലം കരാറിനെടുത്തത് യഥാര്‍ത്ഥ പേരിലല്ല. പാട്ട കരാറില്‍ പ്രശാന്ത് എന്ന് മാത്രമേ പേരുള്ളു. എന്നാല്‍ യഥാര്‍ത്ഥ പേര് ടി വി പ്രശാന്തന്‍ എന്നാണ്. കരാറിലെ പേര് തെറ്റാണെന്നുള്ള തെളിവുകള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു. വോട്ടര്‍ പട്ടികയിലും രേഖകളിലും പരാതിക്കാരന്റെ പേര് ടി വി പ്രശാന്തന്‍ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

എന്നാല്‍ പെട്രോള്‍ പമ്പിനുള്ള ഇടപാടുകള്‍ നടത്തിയത് പ്രശാന്ത് എന്ന പേര് ഉപയോഗിച്ചാണെന്നാണ് തെളിവുകള്‍ സൂചിപ്പിക്കുന്നത്. മുഖ്യമന്ത്രിക്ക് നല്‍കിയെന്ന് പറയുന്ന പരാതിയിലെ പേര് യഥാര്‍ത്ഥ പേര് (പ്രശാന്തന്‍) എന്ന് തന്നെയാണ്. എന്നാല്‍ പരാതിയിലെ ഒപ്പ് വ്യാജമാണ്.

അതേസമയം നവീന്‍ ബാബുവിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസിന് കൈമാറി. നവീന്റേത് ആത്മഹത്യ തന്നെയെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. നവീന്‍ ബാബുവിന്റെ ശരീരത്തില്‍ മുറിവുകളോ മറ്റ് പാടുകളോ ഇല്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മരണ സമയം റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നില്ല.

കഴുത്തില്‍ കയര്‍ മുറുകിയാണ് മരണം സംഭവിച്ചതെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ശരീരത്തില്‍ മറ്റ് മുറിവുകളോ മൂന്നാമതൊരാളുടെ സാന്നിധ്യമോ സംശയിക്കാവുന്ന മറ്റ് ഘടകങ്ങളോ ഇല്ലെന്നും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ സൂചനയുണ്ടായിരുന്നു.

Content Highlights: Prasanth applied petrol pump in fake name

To advertise here,contact us