നെടുമ്പാശേരി വിമാനത്താവളത്തില്‍ 'മനുഷ്യബോംബ്' ഭീഷണി മുഴക്കി യാത്രക്കാരന്‍; വിമാനം അരമണിക്കൂറിലേറെ വൈകി

ബോംബ് ഭീഷണി മുഴക്കിയ മഹാരാഷ്ട്ര സ്വദേശി വിജയ് മന്ദായനെയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ മനുഷ്യബോംബ് ഭീഷണി മുഴക്കി യാത്രക്കാരന്‍. വിമാനത്താവളത്തില്‍ മനുഷ്യബോംബ് സാന്നിധ്യമുണ്ടെന്ന് യാത്രക്കാരന്‍ ഭീഷണി മുഴക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് നെടുമ്പാശേരിയില്‍ നിന്ന് പുറപ്പെടേണ്ട വിമാനം അരമണിക്കൂറിലേറെ വൈകി.

വൈകീട്ട് 3.50 ന് മുബൈയിലേക്ക് പുറപ്പെടേണ്ട വിസ്താര വിമാനത്തിലെ യാത്രക്കാരനാണ് ഭീഷണി മുഴക്കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ സിഐഎസ്എഫ് പരിശോധിച്ചെങ്കിലും ബോംബ് കണ്ടെത്താനായില്ല. തുടര്‍ന്ന് ബോംബ് ഭീഷണി മുഴക്കിയ മഹാരാഷ്ട്ര സ്വദേശി വിജയ് മന്ദായനെയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

കഴിഞ്ഞ ദിവസവും നെടുമ്പാശേരി വിമാനത്താവളത്തില്‍ രണ്ട് വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണിയുണ്ടായിരുന്നു. എയര്‍ ഇന്ത്യയുടെ കൊച്ചി- ദമാം, ആകാശ എയറിന്റെ കൊച്ചി- മുംബൈ വിമാനങ്ങള്‍ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. എക്‌സിലൂടെയായിരുന്നു ഭീഷണി എത്തിയത്. ഇന്നലെ മാത്രം രാജ്യത്ത് ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, വിസ്താര, ആകാശ എയര്‍ തുടങ്ങിയ കമ്പനികളുടെ 32 വിമാനങ്ങള്‍ക്കാണ് ബോംബ് ഭീഷണിയുണ്ടായത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ വിമാനങ്ങള്‍ക്ക് ലഭിച്ചത് 100ലധികം ബോംബ് ഭീഷണികളാണ്.

വിമാനങ്ങള്‍ക്കെതിരെയുള്ള വ്യാജ ബോംബ് ഭീഷണി ഗൗരവതരമാണെന്ന് വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു വ്യക്തമാക്കി. ഇത്തരം സംഭവങ്ങളെ ഗുരുതര കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. വ്യോമയാന സുരക്ഷാ നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ ആലോചിക്കുന്നുവെന്നും മന്ത്രി അറിയിച്ചു.

Content Highlights- maharashtra native man arrested for bomb threat against nedumbassery airport

To advertise here,contact us