ഇടം തേടി ഇടത്തേക്ക്; സരിന്റെ പാത പിന്തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് എ കെ ഷാനിബും സിപിഐഎമ്മിലേക്ക്

കൂടുതല്‍ നേതാക്കള്‍ കോണ്‍ഗ്രസ് വിടുമെന്ന് സൂചന

പാലക്കാട്: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസ്സില്‍ അതൃപ്തി പുകയുന്നു. കെപിസിസി മുന്‍ ഡിജിറ്റല്‍ സെല്‍ അധ്യക്ഷന്‍ പി സരിന് പിന്നാലെ കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടി വിടുമെന്ന് സൂചന. പാലക്കാട് യുത്ത് കോണ്‍ഗ്രസ് നേതാവ് എ കെ ഷാനിബ് സിപിഐഎമ്മില്‍ ചേരും. പാലക്കാട് 11.30ഓട് കൂടി നേതാവ് പ്രഖ്യാപനം നടത്തും. നേതൃത്വത്തിന് എതിരെ തുറന്നടിക്കാനാണ് നേതാവിന്റെ തീരുമാനം.

ഷാഫി പറമ്പില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായപ്പോള്‍ സെക്രട്ടറിയായി ഷാനിബ് പ്രവര്‍ത്തിച്ചിരുന്നു. സരിനും ഷാനിബും ഒരുമിച്ചായിരുന്നു സെക്രട്ടറിമാരായി പ്രവര്‍ത്തിച്ചത്.

കോണ്‍ഗ്രസിന്റെ ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ രണ്ട് നേതാക്കളാണ് കോണ്‍ഗ്രസില്‍ നിന്നും ഒഴിവായത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍, വടകര എംപി ഷാഫി പറമ്പില്‍ എന്നിവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചാണ് സരിന്‍ പാര്‍ട്ടി വിട്ടത്. മുന്‍ കെപിസിസി സെക്രട്ടറി എന്‍ കെ സുധീറും പാര്‍ട്ടി വിട്ടിരുന്നു. സരിന്‍ സിപിഐഎമ്മിന് വേണ്ടി പാലക്കാടും എന്‍ കെ സുധീര്‍ ഡിഎംകെയ്ക്ക് വേണ്ടി ചേലക്കരയിലും മത്സരിക്കുന്നുണ്ട്.

Content Highlights: Youth Congress leader AK Shanib will join CPIM

To advertise here,contact us