അൻവറിൻ്റെ വിശ്വാസം രക്ഷിക്കട്ടെയെന്ന് വെള്ളാപ്പള്ളി; കൂടിക്കാഴ്ച സൗഹൃദം പങ്കിടാനെന്ന് അൻവർ

ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച ഒന്നര മണിക്കൂർ നീണ്ടു

ആലപ്പുഴ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ച് നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. ഡിഎംകെയുടെ ജില്ലാ കമ്മിറ്റി രൂപീകരണത്തിന്റെ ഭാഗമായി ആലപ്പുഴയിലെത്തിയപ്പോഴാണ് അന്‍വര്‍ വെള്ളാപ്പള്ളിയെ സന്ദര്‍ശിച്ചത്. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച ഏകദേശം ഒന്നര മണിക്കൂര്‍ നീണ്ടു. അന്‍വറിന്റെ വിശ്വാസം അന്‍വറിനെ സംരക്ഷിക്കട്ടെയെന്ന് വെള്ളാപ്പള്ളി പ്രതികരിച്ചു. തന്റെ അഭിപ്രായം മാധ്യമങ്ങളോട് പറയേണ്ടതില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

'അന്‍വറിന്റെ വിശ്വാസം അന്‍വറിനെ രക്ഷിക്കട്ടെ. ഒരു ഉപദേശവും നല്‍കാനില്ല. അന്‍വറിനെ നേരത്തെയും ഇപ്പോഴും കണ്ടു, അതിനപ്പുറം ഒന്നുമില്ല. എല്ലാം അനുഭവം കൊണ്ട് മനസിലാക്കാം. ഞാന്‍ ഒരു പാര്‍ട്ടിയിലും ഇല്ല', വെള്ളാപ്പള്ളി പറഞ്ഞു.

എം ആര്‍ അജിത് കുമാറിനെ സംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും കുറ്റക്കാരനാണെങ്കില്‍ സര്‍ക്കാര്‍ നടപടി എടുക്കട്ടെയെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. ശബരിമല ഒരു വിവാദ വിഷയമാക്കരുതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വെള്ളാപ്പള്ളിയെ സന്ദര്‍ശിച്ചത് രാഷ്ട്രീയപരമായല്ലെന്ന് അന്‍വര്‍ വ്യക്തമാക്കി. സന്ദര്‍ശനത്തിന് പിന്നില്‍ രാഷ്ട്രീയ ഉദ്ദേശ്യമില്ലെന്നും സൗഹൃദം പങ്കിടാനാണ് വന്നതെന്നും അന്‍വര്‍ പറഞ്ഞു. രാഷ്ട്രീയവും സൗഹൃദവും വേറെയാണെന്നും അതിനെ ആ രീതിയില്‍ തന്നെ കാണണമെന്നും അന്‍വര്‍ പറഞ്ഞു. അന്‍വര്‍ ഡിഎംകെ രൂപീകരിച്ചതിന് ശേഷം ആദ്യമായാണ് വെള്ളാപ്പള്ളിയെ കാണുന്നത്.

Content Highlights: Nilambur MLA P V Anwar meets Vellappally Natesan

To advertise here,contact us