ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സഭയില്‍; അടിയന്തര പ്രമേയത്തിന് അനുമതിയില്ല, പ്രതിപക്ഷം സഭ വിട്ടു

സ്ത്രീകളെ ബാധിക്കുന്ന വിഷയം ചര്‍ച്ച ചെയ്യാത്തത് നാണക്കേടാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നിയമസഭയില്‍ ആയുധമാക്കി പ്രതിപക്ഷം. കെ കെ രമ എംഎല്‍എയാണ് സര്‍ക്കാര്‍ നിലപാടിനെതിരെ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെന്നും കുറ്റക്കാരെ സംരക്ഷിച്ചുവെന്നും പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കുകയായിരുന്നു.

കോടതിയുടെ പരിഗണനയിലുള്ള വിഷയമാണ് ഇതെന്നും, അതിനാല്‍ പരിഗണിക്കാന്‍ കഴിയില്ലെന്നും സ്പീക്കർ വ്യക്തമാക്കി. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടു.

സ്ത്രീകളെ ബാധിക്കുന്ന വിഷയം ചര്‍ച്ച ചെയ്യാത്തത് നാണക്കേടാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാതിരിക്കുന്നത് സഭയ്ക്ക് തന്നെ അപമാനമാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച് ചോദ്യം ഉന്നയിച്ചപ്പോള്‍ സബ്മിഷനായി കൊണ്ടുവരാന്‍ പറഞ്ഞത് സ്പീക്കറാണെന്നും വി ഡി സതീശന്‍ പറഞ്ഞു. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ സഭയിലെത്താതിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് സഭയിലെത്തിയിരുന്നു.

Content Highlights: Hema Committee Report In Niyamasabha

To advertise here,contact us