പൂരം കലക്കല്‍ നിയമസഭയില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം; ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെടും

പൂരം കലക്കിയ വിഷയത്തിലും എഡിജിപി എം ആര്‍ അജിത് കുമാറിന് സര്‍ക്കാര്‍ സംരക്ഷണം നല്‍കിയെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം

തിരുവനന്തപുരം: തൃശ്ശൂര്‍ പൂരം കലക്കിയ സംഭവം നിയമസഭയില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം. പൂരം കലക്കിയതിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടും.

പൂരം കലക്കിയ വിഷയത്തിലും എഡിജിപി എം ആര്‍ അജിത് കുമാറിന് സര്‍ക്കാര്‍ സംരക്ഷണം നല്‍കിയെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. സംഭവത്തില്‍ ജുഡീഷ്യണല്‍ അന്വേഷണം വേണമെന്ന ആവശ്യവും പ്രതിപക്ഷം ഉന്നയിക്കുന്നു.

തുടര്‍ച്ചയായി മൂന്നാം ദിവസമാണ് പി വി അന്‍വറിന്റെ ആരോപണങ്ങള്‍ പ്രതിപക്ഷം സഭയില്‍ ഉന്നയിക്കുന്നത്.. എഡിജിപി ആര്‍എസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയാണ് ഇന്നലെ പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചത്. അനാരോഗ്യം മൂലം മുഖ്യമന്ത്രി ഇന്നലെ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നില്ല.

അതേസമയം നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന് നിയമസഭയില്‍ പ്രത്യേക ബ്ലോക്ക് അനുവദിച്ചു. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഇടയില്‍ നാലാം നിരയിലാണ് അന്‍വറിന്റെ പുതിയ സീറ്റ്. പ്രതിപക്ഷ നിരയില്‍ സീറ്റ് അനുവദിച്ചതിനെതിരെ അന്‍വര്‍ രംഗത്തെത്തിയിരുന്നു. പ്രതിപക്ഷത്തിനൊപ്പം ഇരിക്കാന്‍ താല്‍പര്യമില്ലെന്നാണ് അന്‍വര്‍ അറിയിച്ചത്. സ്വതന്ത്ര എംഎല്‍എയായി സീറ്റ് അനുവദിക്കണമെന്നും അന്‍വര്‍ ആവശ്യപ്പെട്ടിരുന്നു.

Content Highlights: Opposition to raise Thrissur Pooram incident in assembly

To advertise here,contact us