മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖം നിയമസഭയില്‍ ആയുധമാക്കാന്‍ പ്രതിപക്ഷം

അഭിമുഖത്തില്‍ പി ആര്‍ കമ്പനി കെയ്‌സന്റെ ഇടപെടല്‍ സംബന്ധിച്ച വിവാദങ്ങളും പ്രതിപക്ഷം ആയുധമാക്കിയേക്കും

തിരുവനന്തപുരം: നിയമസഭയില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാന്‍ തയ്യാറെടുത്ത് പ്രതിപക്ഷം.. മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖം സഭയില്‍ ഉന്നയിക്കാനാണ് തീരുമാനം. അഭിമുഖത്തിലെ വിവാദ പരാമര്‍ശം സംബന്ധിച്ച് മുഖ്യമന്ത്രി തന്നെ വിശദീകരിക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിച്ചേക്കാം. അഭിമുഖത്തില്‍ പി ആര്‍ കമ്പനി കെയ്‌സന്റെ ഇടപെടല്‍ സംബന്ധിച്ച വിവാദങ്ങളും പ്രതിപക്ഷം ആയുധമാക്കിയേക്കും.

നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങള്‍ പട്ടികയില്‍ നിന്ന് നീക്കിയത് പ്രതിപക്ഷം ചോദ്യം ചെയ്യും. പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ അടക്കം നീക്കം ചെയ്തു എന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിവാദം, എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ച ഉള്‍പ്പെടെയുള്ള ചോദ്യങ്ങളും നീക്കം ചെയ്തതായി പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇക്കാര്യങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു. നിയമസഭയില്‍ ചോദ്യം നേരിട്ട് ഉന്നയിക്കാനും മറുപടി മന്ത്രിയില്‍ നിന്ന് നേരിട്ട് ലഭിക്കാനുമാണ് പ്രാധാന്യമനുസരിച്ച് നക്ഷത്ര ചിഹ്നമിടുന്നത്. നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങള്‍ക്ക് നിയമസഭയില്‍ മറുപടി നല്‍കേണ്ടതില്ല. അതേസമയം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് സഭയില്‍ മുഖ്യമന്ത്രി മറുപടി നല്‍കും.

അതിനിടെ രാവിലെ എട്ടിന് യുഡിഎഫ് പാര്‍ലമെന്റി പാര്‍ട്ടിയോഗം നിയമസഭയില്‍ പ്രതിപക്ഷ നേതാവിന്റെ ഓഫീസില്‍ ചേരും. വരും ദിവസങ്ങളില്‍ സഭയില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ യോഗത്തില്‍ തീരുമാനിക്കും.

Content highlights- opposition raise cm controversial interview in legislative assembly today

To advertise here,contact us