'മലപ്പുറത്തുകാരനായ എന്നെ കൊത്തിവലിക്കാന്‍ എറിഞ്ഞുകൊടുക്കുന്നു'; മുസ്‌ലിം ലീഗിനെതിരെ കെ ടി ജലീല്‍

മലപ്പുറം ജില്ലയെയോ ജനതയെയോ മോശക്കാരായി ചിത്രീകരിച്ചിട്ടില്ലെന്ന് കെ ടി ജലീൽ

മലപ്പുറം: മുസ്‌ലിം ലീഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ ടി ജലീല്‍ രംഗത്ത്. മലപ്പുറത്തുകാരനായ തന്നെ കൊത്തിവലിക്കാന്‍ മുസ്‌ലിം ലീഗ് എറിഞ്ഞുകൊടുക്കുകയായിരുന്നുവെന്ന് കെ ടി ജലീല്‍ പറഞ്ഞു. ലീഗുകാര്‍ തന്റെ പിന്നാലെ വേട്ടപ്പട്ടിയെ പോലെ ഓടുകയായിരുന്നു. കള്ളപ്രചാരണങ്ങള്‍ മുസ്‌ലിം ലീഗ് തനിക്കെതിരെ ഉപയോഗിച്ചുവെന്നും കെ ടി ജലീല്‍ പറഞ്ഞു.

മലപ്പുറം ജില്ലയെയോ ജനതയെയോ മോശക്കാരായി ചിത്രീകരിച്ചിട്ടില്ല. മുസ്‌ലിങ്ങള്‍ മുഴുവന്‍ സ്വര്‍ണക്കള്ളടത്തുകാരെന്ന് താന്‍ പറഞ്ഞിട്ടില്ല. താന്‍ പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിക്കുകയാണ് ചെയ്തത്. ലീഗ് അധ്യക്ഷന്‍ എന്ന നിലയിലായിരുന്നില്ല പാണക്കാട് തങ്ങളോട് മതവിധി പുറപ്പെടുവിക്കാന്‍ ആവശ്യപ്പെട്ടത്. തന്റെ കൂടി ഖാസി എന്ന നിലയിലായിരുന്നു താന്‍ അക്കാര്യം ആവശ്യപ്പെട്ടത്. ഇതിനെയാണ് മലപ്പുറം വിരുദ്ധതയായി പ്രചരിപ്പിതെന്നും കെ ടി ജലീല്‍ പറഞ്ഞു. ലീഗുമായി അടുത്ത ബന്ധമുള്ള ഒരു മതപണ്ഡിതൻ പുസ്തകത്തിന്റെ പുറംചട്ടയില്‍ സ്വര്‍ണം ഒളിപ്പിച്ചു കടത്തി. അതിന്റെ പേരില്‍ അദ്ദേഹം ദിവസങ്ങളോളം ജയിലില്‍ കിടന്നു. എന്നിട്ടും ആ പണ്ഡിതനെ ലീഗ് തള്ളിപ്പറഞ്ഞില്ലെന്നും കെ ടി ജലീല്‍ പറഞ്ഞു.

തിന്മയെ നിരുത്സാഹപ്പെടുത്തണം. അതിന് മത നേതാക്കള്‍ ഇടപെടണം. ഒരു തെറ്റും ചെയ്യാത്ത തന്നെ വേട്ടപ്പട്ടിയെ പോലെ പിന്തുടര്‍ന്നു. അത് മറക്കാന്‍ ലീഗ് നേതൃത്വത്തിനാകുമോയെന്നും കെ ടി ജലീല്‍ ചോദിച്ചു. അന്ന് ഇല്ലാത്ത മലപ്പുറം സ്‌നേഹം ഇപ്പോള്‍ എങ്ങനെ വന്നുവെന്നും ജലീല്‍ തുറന്നടിച്ചു. കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തുന്ന സ്വര്‍ണത്തിന്റെ പങ്ക് എവിയേക്ക് പോകുന്നു എന്ന് കണ്ടെത്തണം. പൊലീസ് കൂട്ട് നില്‍ക്കുന്നുവെങ്കില്‍ അതിലും നടപടി വേണമെന്നും ജലീല്‍ ആവശ്യപ്പെട്ടു.

Content highlights- k t jaleel against muslim league and congress

To advertise here,contact us