അൻവർ എന്തിന് നിലത്തിരിക്കണം? സഭയിൽ 250 പേർക്ക് ഇരിപ്പിടമുണ്ട്: സ്പീക്കർ

മുഖ്യമന്ത്രി ഏതെങ്കിലും ജില്ലയെയോ മതവിഭാഗത്തേയോ മനപൂർവം ടാർഗെറ്റ് ചെയ്യുന്നതായി വിശ്വസിക്കുന്നില്ലെന്നും സ്പീക്കറുടെ മറുപടി

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം നാളെ തുടങ്ങാനിരിക്കെ പി വി അൻവറിന്റെ സ്ഥാനം മാറ്റം ഉൾപ്പെടെയുള്ള ചോദ്യങ്ങളോട് പ്രതികരിച്ച് സ്പീക്കർ എ എൻ ഷംസീർ. അൻവറിന് നിലത്തിരിക്കേണ്ടി വരുമെന്ന ആക്ഷേപത്തെ ചിരിച്ചു തള്ളിയ സ്പീക്കർ സഭയിൽ 250 പേർക്ക് ഇരിക്കാൻ ഇരിപ്പിടമുള്ളപ്പോൾ എന്തിന് നിലത്തിരിക്കണമെന്നും ചോദിച്ചു. അൻവർ വിഷയത്തിൽ ആരെങ്കിലും കത്ത് തന്നാൽ വിഷയം അപ്പോൾ പരിശോധിക്കാമെന്നും സ്പീക്കർ പറഞ്ഞു. അൻവറിന്റെ ആരോപണങ്ങളിലും ദി ഹിന്ദു പത്രത്തിലെ അഭിമുഖ വിവാദത്തിലും സ്പീക്കർ മുഖ്യമന്ത്രിയെ പിന്തുണച്ചു. മുഖ്യമന്ത്രി ഏതെങ്കിലും ജില്ലയേയോ ഏതെങ്കിലും മതവിഭാഗത്തേയോ മനപൂർവം ടാർഗെറ്റ് ചെയ്യുന്നതായി വിശ്വസിക്കുന്നില്ലെന്നായിരുന്നു സ്പീക്കറുടെ മറുപടി.

നിയമസഭയിൽ ഏതെങ്കിലും ചോദ്യം മനപൂർവം ഒഴിവാക്കിയിട്ടില്ലെന്നും പ്രതിപക്ഷ നേതാവിന്റെ പരാതി ലഭിച്ചിട്ടുണ്ടെന്നും സ്പീക്കർ പറഞ്ഞു. പരിശോധിക്കും. എല്ലാ ചോദ്യങ്ങളും സഭയ്ക്കകത്ത് വരാൻ കഴിയില്ല. മനപ്പൂർവം നക്ഷത്ര ചിഹ്നം ഒഴിവാക്കുമെന്ന് പ്രതിപക്ഷ നേതാവിനും അഭിപ്രായമുണ്ടെന്ന് തോന്നുന്നില്ലെന്നും എ എൻ ഷംസീർ പറഞ്ഞു.

പ്രതിപക്ഷാംഗങ്ങള്‍ നല്‍കിയ നക്ഷത്ര ചിഹ്നമിട്ട ചോദ്യ നോട്ടീസുകള്‍ ചട്ട വിരുദ്ധമായി നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങളാക്കി മറ്റിയെന്ന് കഴിഞ്ഞ ദിവസമാണ് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇക്കാര്യം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു. കാഫിർ സ്ക്രീൻ ഷോട്ട് വിവാദം, എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ച ഉൾപ്പെടെയുള്ള ചോദ്യങ്ങളിൽ നിന്നാണ് നക്ഷത്ര ചിഹ്നം ഒഴിവാക്കിയത്.

വയനാട്, കോഴിക്കോട് ജില്ലകളിൽ പ്രകൃതിദുരന്തത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച് നാളെ സഭ പിരിയും. പിന്നീടുള്ള എട്ടിൽ ആറു ദിവസം ഗവൺമെന്റ് കാര്യങ്ങൾക്കും അടുത്ത രണ്ടുദിവസങ്ങൾ അനൗദ്യോഗിക അംഗങ്ങളുടെ കാര്യങ്ങൾക്കുമായി നീക്കിവെച്ചു. ഒക്ടോബർ 18-ന് സഭ സെഷൻ പൂർത്തീകരിച്ച് അവസാനിപ്പിക്കും.

To advertise here,contact us