പത്തരമാറ്റോടെ തിളങ്ങേണ്ട സമയം, അദ്ദേഹത്തെ ജനങ്ങൾ ആഗ്രഹിക്കുന്നു; ജലീലിൻ്റെ വിരമിക്കലില്‍ ജോൺ ബ്രിട്ടാസ്

പുസ്തകത്തില്‍ തന്നെ കുറിച്ച് പറഞ്ഞതില്‍ നന്ദിയുണ്ടെന്നും ബ്രിട്ടാസ്

മലപ്പുറം: മുന്‍ മന്ത്രി കെ ടി ജലീല്‍ എംഎല്‍എ രാഷ്ട്രീയ ജീവിതത്തില്‍ നിന്ന് പിന്മാറുന്നുവെന്ന പ്രഖ്യാപനത്തിനെതിരെ ജോണ്‍ ബ്രിട്ടാസ് എംപി. ജലീല്‍ പത്തരമാറ്റോടെ തിളങ്ങേണ്ട സമയമാണിതെന്ന് ബ്രിട്ടാസ് പറഞ്ഞു. അദ്ദേഹത്തിന്റെ സാന്നിധ്യം ജനങ്ങള്‍ ആഗ്രഹിക്കുന്ന രാഷ്ട്രീയ സാഹചര്യമാണിപ്പോഴുള്ളതെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. സ്വര്‍ഗസ്ഥനായ ഗാന്ധിജിയെന്ന കെ ടി ജലീലിന്റെ പുസ്തക പ്രകാശന വേളയിലായിരുന്നു ബ്രിട്ടാസിന്റെ പ്രതികരണം. പുസ്തകത്തിലെ അവസാന അധ്യായമായ സുഹൃത്തിനുള്ള മറുകുറിപ്പ് എന്ന അധ്യായത്തിലായിരുന്നു ജലീല്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നതായി വെളിപ്പെടുത്തിയത്. ആ ഒരു നിലപാടിനോട് വിയോജിപ്പാണെന്നും ബ്രിട്ടാസ് കൂട്ടിച്ചേര്‍ത്തു.

'പത്തരമാറ്റോടെ കെ ടി ജലീല്‍ തിളങ്ങേണ്ട സമയമാണിത്. അദ്ദേഹത്തിന്റെ സാന്നിധ്യവും വാക്കുകളും ജനങ്ങള്‍ കുറേക്കൂടി ആഗ്രഹിക്കുന്ന രാഷ്ട്രീയ സാമൂഹ്യ മുഹൂര്‍ത്തമാണ്. അദ്ദേഹത്തിന് അത്തരത്തിലൊരു ചിന്ത ഉണ്ടാകാനേ പാടില്ലെന്ന് ഞാന്‍ അടിവരയിട്ട് പറയുകയാണ്. ആ ഒരു വാചകത്തോട് വിയോജിപ്പാണ്. സുഹൃത്തിനുള്ള മറുകുറിപ്പ് എന്ന അധ്യായം ഹൃദയ സ്പര്‍ശിയാണ്. പറയാതെ തന്റെ ജീവിതത്തെ കൈക്കുമ്പിളിലാക്കി ആ വരികളില്‍ സമര്‍പ്പിക്കുകയാണ്. ജീവിതക്കഥയും ആത്മകഥയും എഴുതാന്‍ ശേഷിയുള്ളയാളാണ് ജലീല്‍,' ബ്രിട്ടാസ് പറഞ്ഞു.

പുസ്തകത്തില്‍ തന്നെ കുറിച്ച് പറഞ്ഞതില്‍ നന്ദിയുണ്ടെന്നും ബ്രിട്ടാസ് പറഞ്ഞു. മമ്മൂട്ടിയുടെ പേര് ഇബ്രാഹിംകുട്ടി എന്ന് നീട്ടി പറയുന്നതിലെ രാഷ്ട്രീയവും പുസ്തകത്തില്‍ സൂചിപ്പിച്ചതിനെ ബ്രിട്ടാസ് പ്രശംസിച്ചു. 'എന്ത് പറയുന്നു എന്നതിലല്ല, ആര് പറയുന്നു എന്നാണ് ഇന്ന് നോക്കുന്നത്. പറയുന്നയാളുടെ പേര് നോക്കി ഏതെങ്കിലും കളത്തില്‍ പിടിച്ചിടുന്ന പ്രവണത നമ്മുടെ സമൂഹത്തില്‍ ശക്തമാകുകയാണ്. പ്രത്യേകിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍. ആ രീതിയിലേക്ക് സമൂഹം മാറി,' ബ്രിട്ടാസ് കൂട്ടിച്ചേര്‍ത്തു.

വിരമിച്ചാലും പാര്‍ട്ടി ആവശ്യപ്പെടുന്നിടത്തോളം കാലം കഴിവിന്റെ പരമാവധി സേവനം നല്‍കുമെന്ന് കെ ടി ജലീല്‍ അധ്യായത്തില്‍ വ്യക്തമാക്കി. സിപിഐഎമ്മിന്റെ സഹയാത്രികനായി തുടരുമെന്നും അദ്ദേഹം പറയുന്നു.

'ഞാനൊരു വിരമിക്കല്‍ മൂഡിലാണ്. വായനയും എഴുത്തും ഒരു ഹരമായി മാറിക്കഴിഞ്ഞു. പണ്ട് പുസ്തകങ്ങള്‍ നമ്മുടെ ക്ലാസ്സിലെ കുട്ടികള്‍ മല്‍സരിച്ച് വായിച്ചിരുന്നത് ഇന്നും കണ്ണില്‍ കാണുന്നു. ഒഴുക്കു നിലച്ച ഒരു പുഴ വീണ്ടും ഒഴുകാന്‍ തുടങ്ങിയ പ്രതീതിയാണ് വായന വീണ്ടും ചിന്തകളെ ഉണര്‍ത്തുമ്പോള്‍ അനുഭവപ്പെടുന്നത്. പന്ത്രണ്ടര വര്‍ഷം കോളേജ് ലക്ചറര്‍. അതും എന്റെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന പിഎസ്എഒ ക്യാമ്പസില്‍. പ്രഥമ മലപ്പുറം ജില്ലാ കൗണ്‍സില്‍ അംഗം. അദ്ധ്യാപകനായിരിക്കെ തന്നെ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍. 2006 മുതല്‍ കേരള നിയമസഭാംഗം. 2026-ല്‍ നാലാം ടേമും കൂടി പൂര്‍ത്തിയായാല്‍ 20 കൊല്ലം MLA. അതില്‍ തന്നെ അഞ്ചുവര്‍ഷം മന്ത്രി. സി.പി.എം എന്നെപ്പോലെ ഒരു സാധാരണക്കാരനോട് കാണിച്ച ഉദാരതക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. പാര്‍ട്ടി ആവശ്യപ്പെടുന്നെടത്തോളം കഴിവിന്റെ പരമാവധി സേവനം ഞാന്‍ നല്‍കും. സിപിഐഎമ്മിന്റെ സഹയാത്രികനായി തുടരും,' എന്നാണ് അദ്ദേഹം അധ്യായത്തില്‍ പറയുന്നത്.

To advertise here,contact us