സിദ്ദിഖിന്റെ മകന്റെ സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്തെന്ന് കുടുംബം; ചോദ്യം ചെയ്ത് വിട്ടയച്ചതായി പൊലീസ്

ചോദ്യം ചെയ്യലിനെത്തിയ സുഹൃത്തുക്കളെ കുറിച്ച് ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല

കൊച്ചി: ലൈംഗികാരോപണ കേസില്‍ ഒളിവില്‍ കഴിയുന്ന നടന്‍ സിദ്ദീഖിന്റെ മകന്‍ ഷഹീന്‍ സിദ്ദിഖിന്റെ സുഹൃത്തുക്കളെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തതായി ആരോപണം. ഷഹീനിന്റെ സുഹൃത്തുക്കളായ മലപ്പുറം സ്വദേശി നദീറിനെയും എറണാകുളം സ്വദേശിയെയുമാണ് കസ്റ്റഡിയിലെടുത്തതെന്ന് കുടുംബം പറയുന്നു. എന്നാല്‍ ഇരുവരെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നെന്നും ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചെന്നും പോലീസ് അറിയിച്ചു.

പുലര്‍ച്ചെ നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്തുവെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇന്ന് പുലര്‍ച്ചയാണ് ഇരുവരെയും വീട്ടില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തതെന്നും കുടുംബം പറയുന്നു. വൈറ്റില തൈക്കൂടത്ത് നിന്ന് കസ്റ്റഡിയില്‍ എടുത്തെന്നാണ് ആരോപണം. കസ്റ്റഡിയില്‍ വെച്ചുകൊണ്ട് ഷഹീനിനെ വിളിപ്പിച്ചുവെന്ന് സിദ്ദിഖ് എവിടെ എന്ന് പറഞ്ഞില്ലെങ്കില്‍ കള്ളക്കേസ് എടുക്കുമെന്ന് ഭീഷണിപ്പെടുത്തി. ചോദ്യം ചെയ്യലിനെത്തിയ സുഹൃത്തുക്കളെ കുറിച്ച് ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല.

സംഭവത്തില്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് കുടുംബം പരാതി നല്‍കിയിട്ടുണ്ട്. പൊന്നാനിയിലേക്ക് സിദ്ദിഖിന്റെ കാര്‍ കൊണ്ടുപോയത് ഈ സുഹൃത്തുക്കളാണെന്ന വിവരത്തെ തുടര്‍ന്നാണ് പൊലീസ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. സിദ്ദിഖിന്റെ കാര്‍ പൊന്നാനി വരെയെത്തിയത് എങ്ങനെയാണെന്നാണ് അന്വേഷണ സംഘം ഇവരോട് ചോദിച്ചത്. പൊന്നാനി വെളിയങ്കോട് വരെ കാര്‍ യാത്ര ചെയ്തു. പിന്നീട് ജിപിഎസ് വിച്ഛേദിച്ചു. പിന്നീട് കാര്‍ കണ്ടെത്തുന്നത് ആലുവയിലെ സിദ്ദീഖിന്റെ വീട്ടില്‍ നിന്നാണ്. ഈ കാറില്‍ അന്ന് സഞ്ചരിച്ചത് ഷഹീന്റെ സുഹൃത്തുക്കളാണെന്നാണ് വിവരം.

അതേസമയം സിദ്ദിഖ് സിറ്റിയില്‍ തന്നെയുണ്ടെന്നാണ് പൊലീസ് നിഗമനം. സിദ്ദിഖ് കൊച്ചി വിട്ടുപോയിട്ടില്ലെന്നാണ് പൊലീസിന് ലഭിച്ച വിവരം.

To advertise here,contact us