'സഹനത്തിന്റെ മഹാസൂര്യന്‍ നമ്മെ വിട്ടുപിരിഞ്ഞു;' പുഷ്പനെ അനുശോചിച്ച് എ എന്‍ ഷംസീര്‍

ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് പുഷ്പന്‍ അന്തരിച്ചത്

കണ്ണൂര്‍: കൂത്തുപറമ്പ് വെടിവെപ്പിലെ ജീവിച്ചിരുന്ന രക്തസാക്ഷി പുഷ്പന്റെ നിര്യാണത്തില്‍ ആദരാജ്ഞലി അര്‍പ്പിച്ച് നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍. സഹനത്തിന്റെ മഹാസൂര്യന്‍ വിട്ടുപിരിഞ്ഞുവെന്ന് ഷംസീര്‍ ഫേസ്ബുക്കില്‍ കുറിച്ചു. 30 വര്‍ഷത്തിലേറെ നീണ്ട സഹനത്തിന്റെ, ത്യാഗത്തിന്റെ, മനോബലത്തിന്റെ, അടിയുറച്ച പാര്‍ട്ടികൂറിന്റെ പ്രതീകമായ സഖാവ് പുഷ്പന്‍ എക്കാലവും സഖാക്കള്‍ക്ക് ആവേശമായി നമുക്കിടയില്‍ ജീവിക്കുമെന്നും ഷംസീര്‍ പറഞ്ഞു.

ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് പുഷ്പന്‍ അന്തരിച്ചത്. 1994 നവംബര്‍ 25 ന് ഉണ്ടായ കൂത്തുപറമ്പ് വെടിവെയ്പിലാണ് പുഷ്പന് വെടിയേല്‍ക്കുന്നത്. ഇതോടെ ശരീരം തളര്‍ന്ന് പുഷ്പന്‍ കിടപ്പിലായി. അന്നത്തെ സഹകരണ മന്ത്രിയായിരുന്ന എം വി രാഘവന് നേരെ ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധത്തിന് നേരെ പൊലീസ് വെടിയുതിര്‍ക്കുകയായിരുന്നു. കെ കെ രാജീവന്‍, കെ വി റോഷന്‍, വി മധു, സി ബാബു, ഷിബുലാല്‍ തുടങ്ങിയ അഞ്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വെടിവെയ്പില്‍ കൊല്ലപ്പെട്ടിരുന്നു.

To advertise here,contact us