ഹേമ കമ്മിറ്റി റിപ്പോർട്ട്: സംസ്ഥാന വനിതാ കമ്മീഷൻ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ അറിയിച്ച് ദേശീയ കമ്മീഷൻ

സംസ്ഥാന വനിത കമ്മീഷന്‍ നടത്തിയ ഇടപെടലുകളെ ദേശീയ വനിതാ കമ്മീഷന്‍ അഭിനന്ദിച്ചതായി പി സതീദേവി

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ തെളിവെടുപ്പിന് കേരളത്തിലെത്തിയ ദേശീയ വനിത കമ്മിഷന്‍ അംഗം ഡെലീന ഖോങ്ഡപ്പ് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവിയുമായി കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിലാണ് കൂടിക്കാഴ്ച്ച നടന്നത്. വനിതാ കമ്മീഷന്‍ ചെയ്ത കാര്യങ്ങള്‍ ചോദിച്ചറിയാനാണ് വിളിപ്പിച്ചതെന്നും നടത്തിയ ഇടപെടലിനെ കുറിച്ച് വിശദീകരിച്ചെന്നും സതീദേവി പറഞ്ഞു. ഡബ്ല്യുസിസി പ്രതിനിധികളെ കാണാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും നാളെ ഡബ്ല്യുസിസി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുമെന്നും സതീദേവി അറിയിച്ചു.

'സംസ്ഥാന വനിത കമ്മീഷന്‍ നടത്തിയ ഇടപെടലുകളെ ദേശീയ വനിതാ കമ്മീഷന്‍ അഭിനന്ദിച്ചു. പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ അറിയിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മറ്റു സംസ്ഥാനങ്ങളിലും വലിയ ചലനം ഉണ്ടാക്കിയതായി പറഞ്ഞു,' സതീദേവി പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം കമ്മീഷന് നല്‍കണമെന്ന് സര്‍ക്കാരിനോട് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കാത്ത പശ്ചാത്തലത്തിലാണ് കേരളത്തിലേക്ക് വരാന്‍ കമ്മീഷന്‍ തീരുമാനിച്ചത്. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് വനിതാ കമ്മീഷന്‍ ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു. ബിജെപി നേതാക്കളായ പി ആര്‍ ശിവശങ്കരന്‍, സന്ദീപ് വചസ്പതി എന്നിവരുടെ പരാതിയിലായിരുന്നു ദേശീയ വനിതാ കമ്മീഷന്‍ ഇടപെടല്‍. എന്നാല്‍ വനിതാ കമ്മീഷന്റേത് രാഷ്ട്രീയ പ്രേരിത നടപടിയാണെന്ന് സിപിഐ നേതാവ് ആനി രാജ ആരോപിച്ചിരുന്നു.

To advertise here,contact us