'നട്ടും ബോള്‍ട്ടുമില്ലാത്ത തൃശൂര്‍ വണ്ടിയില്‍ കയറാന്‍ നിര്‍ബന്ധിച്ചു'; ജീവനും കൊണ്ട് ഓടിയെന്ന് കെ മുരളീധരന്‍

തദ്ദേശ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിന്റെ അവസാനത്തെ ബസാണന്നും കെ മുരളീധരന്‍

കോഴിക്കോട്: തൃശൂരിലെ തോല്‍വിയില്‍ നേതൃത്വത്തിനെതിരെ തുറന്നടിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. നട്ടും ബോള്‍ട്ടുമില്ലാത്ത തൃശൂര്‍ എന്ന വണ്ടിയില്‍ കയറാന്‍ തന്നോട് ആവശ്യപ്പെടുകയായിരുന്നുവെന്ന് കെ മുരളീധരന്‍ പറഞ്ഞു. കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍ അടക്കമുള്ളവരായിരുന്നു അതിന് മുന്‍പന്തിയില്‍. തൃശൂരില്‍ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും പ്രവീണ്‍ കുമാറിനെ വേദിയിലിരുത്തി മുരളീധരന്‍ പറഞ്ഞു. കോഴിക്കോട് ഡിസിസി സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി അനുസ്മരണ പരിപാടിയിലാണ് കെ മുരളീധരന്‍ വിമര്‍ശനം ഉന്നയിച്ചത്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരിലെ തോല്‍വിയില്‍ കെ മുരളീധരന്‍ വളരെയധികം നിരാശനാണ്. മുന്‍പ് പല സാഹചര്യങ്ങളിലും അദ്ദേഹം നേതൃത്വത്തിനെതിരെ തുറന്നടിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പൊതുപരിപാടികളില്‍ നിന്ന് മാറി നില്‍ക്കുമെന്ന് വരെ പ്രഖ്യാപിച്ചു. അതിന്റെ തുടര്‍ച്ചയായാണ് നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി കെ മുരളീധരന്‍ വീണ്ടും രംഗത്തെത്തിയത്. താന്‍ ജയിക്കുമെന്ന് പറഞ്ഞാണ് കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ അടക്കമുള്ളവര്‍ തന്നെ തൃശൂരിലേക്ക് അയച്ചതെന്ന് മുരളീധരന്‍ പറഞ്ഞു. അവിടെ ചെന്നപ്പോഴാണ് ആ വണ്ടിക്ക് നട്ടും ബോള്‍ട്ടുമില്ലെന്ന് മനസിലായത്. തൃശൂരില്‍ നിന്ന് ജീവനും കൊണ്ടാണ് താന്‍ ഓടിയതെന്നും മുരളീധരന്‍ പറഞ്ഞു.

ഉമ്മന്‍ചാണ്ടിയുടെ കാലത്ത് ഒരു പരിപാടി സംഘടിപ്പിച്ചാല്‍ അതില്‍ സംസാരിക്കാന്‍ കേരളത്തിലെ നേതാക്കള്‍ മാത്രം മതിയായിരുന്നു, എന്നാല്‍ നിലവിലെ സാഹചര്യം അങ്ങനെയല്ല. ഏതൊരു പരിപാടി അവതരിപ്പിച്ചാലും അതില്‍ രാഹുലോ പ്രിയങ്കയോ വരേണ്ട അവസ്ഥയാണ്. ജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിയുന്ന നേതാക്കള്‍ ഇന്ന് കേരളത്തിലെ കോണ്‍ഗ്രസിലില്ലെന്നും കെ മുരളീധരന്‍ വിമർശിച്ചു. തൃശൂരില്‍ ബിജെപി അന്‍പത്തിയാറായിരം പുതിയ വോട്ടുകള്‍ ചേര്‍ത്തു. എന്നാല്‍ തൃശൂരിലെ കോണ്‍ഗ്രസ് വിദ്വാന്‍മാര്‍ അക്കാര്യം അറിഞ്ഞില്ലെന്നും മുരളീധരന്‍ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിന്റെ അവസാനത്തെ ബസാണന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

To advertise here,contact us