പ്രവാചക കീർത്തനങ്ങളുടെ ആഘോഷപ്പൊലിമയിൽ ഇന്ന് നബിദിനം

പ്രവാചക പ്രേമത്തിന്റെ ഇശലുകൾ നാടാകെ പരന്നൊഴുകുന്ന പുണ്യ ദിനം.

മലപ്പുറം: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തിന്റെ ഓർമ്മകളിൽ വിശ്വാസികൾ ഇന്ന് നബിദിനം ആഘോഷിക്കുകയാണ്. സംസ്ഥാനത്തുടനീളം വിവിധ പരിപാടികളാണ് നബിദിനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. വിശ്വാസികൾക്ക് അളവറ്റ ആവേശവും സന്തോഷവും നൽകുന്ന പകലാണിത്. പ്രവാചക പ്രേമത്തിന്റെ ഇശലുകൾ നാടാകെ പരന്നൊഴുകുന്ന പുണ്യ ദിനം.

റബീഉൽ അവ്വൽ ഒന്ന് മുതൽ തന്നെ മിക്ക പള്ളികളിലും വിപുലമായ മൗലിദ് സദസ്സുകൾ സംഘടിപ്പിച്ചിട്ടുണ്ട്. സമാധാനത്തിന്റെ ദൂതനായി കടന്നുവന്ന മുഹമ്മദ് നബിയുടെ സന്ദേശങ്ങള്‍ പരമാവധി ജീവിതത്തില്‍ പകര്‍ത്താനുള്ള പ്രതിജ്ഞയെടുത്താണ് വിശ്വാസികള്‍ നബിദിനം ആഘോഷിക്കുന്നത്.

ഹിജ്റ വര്‍ഷ പ്രകാരം റബീഉൽ അവ്വല്‍ മാസം 12നാണ് പ്രവാചകന്റെ ജന്മദിനം. കേരളത്തിലെ മസ്ജിദുകളും മദ്റസകളും കേന്ദ്രീകരിച്ചാണ് മിലാദ് ആഘോഷം. നബിദിനത്തിന് മുന്നോടിയായി മഅദിന്‍ അക്കാദമിയുടെയും വിവിധ സുന്നി സംഘടനകളുടെയും സംയുക്താഭിമുഖ്യത്തില്‍ മലപ്പുറത്ത് സ്‌നേഹറാലി സംഘടിപ്പിച്ചു.

പ്രവാചകപ്പിറവിയുടെ പുണ്യസ്മരണകളുയര്‍ത്തുന്ന സന്ദേശജാഥകള്‍, കുട്ടികളുടെ കലാപരിപാടികള്‍, പ്രവാചകന്റെ അപദാനങ്ങള്‍ വാഴ്ത്തുന്ന മൌലിദ് ആലാപനങ്ങള്‍ തുടങ്ങിയവയാണ് നബിദിനത്തിന്റെ ഭാഗമായി നടക്കുന്നത്. റബീഉൽ അവ്വല്‍ മാസം അവസാനിക്കുന്നത് വരെ കേരളത്തില്‍ വിവിധ മുസ്‍ലിം സംഘടനകളുടെ മിലാദ് പരിപാടികള്‍ തുടരും.

To advertise here,contact us