ജാവദേക്കര്‍ വന്നത് ചൂണ്ടയിടാനല്ല; ശോഭ പറഞ്ഞത് കള്ളം, ഇതുവരെ സംസാരിച്ചിട്ടില്ലെന്ന് ഇ പി ജയരാജന്‍

കള്ളം പറയുന്നത് ശരിയല്ലെന്നതാണ് തന്റെ നിലപാടെന്നും ഇ പി

കണ്ണൂര്‍: ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് റിപ്പോര്‍ട്ടര്‍ ടിവിയോട് തുറന്ന് പറഞ്ഞ് മുന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ജാവദേക്കര്‍ വന്നത് ചൂണ്ടയിടാനല്ലെന്നും തന്നെ മാത്രമല്ല, മറ്റ് പ്രതിപക്ഷ നേതാക്കളെയും സന്ദര്‍ശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജാവദേക്കര്‍ തന്നെ സന്ദര്‍ശിച്ചത് ദുര്‍വ്യാഖ്യാനം ചെയ്‌തെന്നും വിഷയത്തില്‍ കള്ളം പറയുന്നത് ശരിയല്ലെന്നതാണ് തന്റെ നിലപാടെന്നും ഇ പി വ്യക്തമാക്കി.

'ജാവദേക്കര്‍ വന്നത് ചൂണ്ടയൊന്നും കൊണ്ടല്ല. അദ്ദേഹം പരിചയപ്പെടാന്‍ വന്നതാണ്. എന്നെ മാത്രമല്ല കുഞ്ഞാലിക്കുട്ടി, വിഡി സതീശന്‍, രമേശ് ചെന്നിത്തല തുടങ്ങി എല്ലാ നേതാക്കളെയും കണ്ടിട്ടുണ്ട്. പോകുന്ന വഴി എന്നെ പരിചയപ്പെടാന്‍ എന്ന് പറഞ്ഞാണ് വന്നത്. അദ്ദേഹം വന്നു, കണ്ടു പോയി, അഞ്ച് മിനുറ്റ് മാത്രമേയെടുത്തുള്ളൂ. അത്രയും സമയം മാത്രമേ ഞങ്ങള്‍ ഉണ്ടായുള്ളു, ഇത് ദുര്‍വ്യാഖ്യാനം ചെയ്തു. തിരഞ്ഞെടുപ്പിന്റെ ഒന്നര വര്‍ഷം മുമ്പാണ് സംഭവം. എന്നാല്‍ തിരഞ്ഞെടുപ്പിന്റെ മൂന്നാല് ദിവസം തന്നെ മാധ്യമങ്ങളെല്ലാം ഇത് വാര്‍ത്ത നല്‍കിയിരുന്നു. അവര്‍ എന്റെയടുത്ത് സ്ഥിരീകരിക്കാന്‍ വന്നു. എനിക്ക് കള്ളം പറയാന്‍ അറിയില്ല. കണ്ടോയെന്ന് ചോദിച്ചാല്‍ മറുപടി പറഞ്ഞില്ലെങ്കില്‍ മൗനം ശരിയായി വരും. കണ്ടില്ലെന്ന് പറഞ്ഞാല്‍ നിങ്ങള്‍ അത് തെളിയിക്കാന്‍ പോകും. കള്ളം പറയലല്ല, സത്യം പറയലാണ് ശരി, ആ നിലക്ക് ഞാന്‍ കണ്ടെന്ന് പറഞ്ഞു,' അദ്ദേഹം പറഞ്ഞു.

ജാവദേക്കറിന്റെ സന്ദര്‍ശനത്തെ തുടര്‍ന്ന് എന്ത് ബഹളമാണുണ്ടാക്കിയതെന്ന് ചോദിച്ച ഇ പി അതുകൊണ്ടൊന്നും താന്‍ നിരാശപ്പെടുകയോ കുണ്ഠിതപ്പെടുകയോ ഇല്ലെന്നും തന്റെ വീട്ടില്‍ ഒരാള്‍ വരുമ്പോള്‍ അവരോട് ഇറങ്ങിപ്പോകൂ എന്ന് പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിഷയത്തില്‍ ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ പ്രതികരണത്തെയും ഇ പി ജയരാജന്‍ വിമര്‍ശിച്ചു. ശോഭയെ ഒരു വട്ടം മാത്രമേ നേരിട്ട് കണ്ടിട്ടുള്ളുവെന്നും അവര്‍ക്കെതിരെ കേസ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'ദല്ലാളിന് വേറെ താല്‍പര്യമാണ്. ശോഭ സുരേന്ദ്രന്‍ കള്ളം പറഞ്ഞു. അവര്‍ക്കെതിരെ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. അവരോട് ഞാന്‍ നേരിട്ടോ ഫോണിലോ ഇതുവരെ സംസാരിച്ചിട്ടില്ല. ഉമ്മന്‍ചാണ്ടി മരിച്ചപ്പോള്‍ ഒരു സ്‌റ്റേജില്‍ വെച്ചാണ് ആദ്യമായി അവരെ ഞാന്‍ നേരിട്ട് കാണുന്നത്,' ഇ പി പറഞ്ഞു.

ജാവദേക്കറുമായുള്ള കൂടിക്കാഴ്ച തിരഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കുമെന്നും തന്റെ ഭാഗത്ത് തെറ്റുണ്ടെങ്കിലേ താന്‍ ഭയപ്പെടേണ്ടതുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ഇതെങ്ങനെ തിരഞ്ഞെടുപ്പിനെ ബാധിക്കും. തിരഞ്ഞെടുപ്പിന് മൂന്ന് നാല് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു. ദല്ലാളിനെ പോലുള്ള ഒരാള്‍ പറയുമ്പോള്‍ മുഖവിലക്ക് എടുത്ത് പറയാന്‍ പാടുണ്ടോ. പിന്നെ ഞാനെന്തിന് ഭയപ്പെടണം. എന്തെങ്കിലും തെറ്റ് എന്റെ ഭാഗത്തുണ്ടെങ്കിലല്ലേ ഞാന്‍ ഭയപ്പെടേണ്ടതുള്ളു. ജനങ്ങളുടെ മുന്നില്‍ ഞാനെന്തിന് കള്ളം പറയണം. പത്രക്കാര്‍ കണ്ടോയെന്ന് ചോദിച്ച് കള്ളം പറഞ്ഞാല്‍ അതല്ലേ തെറ്റ്. ആ നിലപാടാണ് ഞാന്‍ സ്വീകരിച്ചത്,' ഇ പി ജയരാജന്‍ വ്യക്തമാക്കി.

To advertise here,contact us