ഹേമ കമ്മിറ്റി: 'ആദ്യ ഇടപെടല് കേരളത്തില്'; അത് എല്ഡ്എഫ് സര്ക്കാരായതുകൊണ്ടെന്ന് മുഖ്യമന്ത്രി

ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴി കൊടുത്തവരും കൊടുക്കാത്തവരും പരാതികള് പറയാന് തയ്യാറായാല് നടപടിയുണ്ടാകും. അതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: ഹേമ കമ്മിറ്റിക്ക് മുമ്പില് മൊഴി കൊടുത്തവരും കൊടുക്കാത്തവരും പരാതികള് പറയാന് തയ്യാറായാല് നടപടിയുണ്ടായുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. രാജ്യത്ത് ഹേമ കമ്മിറ്റി പോലയുള്ള ഇടപെടല് നടന്നത് കേരളത്തില് മാത്രമാണ്. അത് എല്ഡിഎഫ് സര്ക്കാരായതുകൊണ്ട് മാത്രമാണ് സംഭവിച്ചതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

സമാനമായ കമ്മിറ്റി വേണമെന്നാണ് ഇപ്പോള് പല സംസ്ഥാനങ്ങളിലും ഉയരുന്ന ആവശ്യം. മറ്റ് നയപരമായ പരിശോധനകളും തുടര്ന്ന് വരുന്നു. ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴി കൊടുത്തവരും കൊടുക്കാത്തവരും പരാതികള് പറയാന് തയ്യാറായാല് നടപടിയുണ്ടാകും. അതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംഘപരിവാര് ചൊല്പ്പടിക്ക് നില്ക്കാത്ത സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കാനാണ് കേന്ദ്രസര്ക്കാര് ശ്രമമെന്നും മുഖ്യമന്ത്രി വിമര്ശിച്ചു. കേന്ദ്രം നല്കേണ്ട കുടിശ്ശിക തന്നുതീര്ക്കാന് നേരത്തെ തന്നെ നിവേദനം നല്കിയതാണ്. എന്നിട്ടും ഓണക്കാലത്ത് പോലും കുടിശ്ശിക നല്കാതെ ബുദ്ധിമുട്ടിക്കുന്നു. അര്ഹതപ്പെട്ടത് തടയുന്നു. കിഫ്ബിയുടെ പ്രവര്ത്തനത്തിന് വെറുതെയെടുത്തതല്ല വായ്പ. അടിസ്ഥാന സൗകര്യ വികസനമാണ് ലക്ഷ്യം. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ 40 ശതമാനം വിഹിതവും ലഭിക്കുന്നില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

അതേസമയം ഹേമ കമ്മിറ്റി റിപ്പോര്ട്ടിലെ ഹര്ജികള് പരിഗണിക്കവെ സര്ക്കാരിനെതിരെ കടുത്ത വിമര്ശനമാണ് ഹൈക്കോടതി ഉന്നയിച്ചത്. റിപ്പോര്ട്ടിന്മേല് എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് കോടതി ചോദിച്ചു. ഹേമ കമ്മിറ്റി റിപ്പോര്ട്ട് എസ്ഐടിക്ക് കൈമാറാനും കോടതി നിര്ദേശിച്ചു. പ്രത്യേക ഡിവിഷന് ബെഞ്ചിന്റേതാണ് നിര്ദേശം.

To advertise here,contact us