പ്രായമേറിയവരെ ചേർത്തു പിടിക്കാം; യങ് സീനിയേഴ്സ് കോൺക്ലേവ് ഒക്ടോബർ ഒന്നിന് കോഴിക്കോട്ട്

വയോജനങ്ങളുടെ ശാരീരിക മാനസിക സാമൂഹിക പ്രശ്നങ്ങളെ ശാസ്ത്രീയമായി സമീപിക്കുക എന്ന ബോധ്യത്തോടെയാണ് യങ് സീനിയേഴ്സ് ഫൗണ്ടേഷൻ രൂപീകരിക്കുന്നത്

കോഴിക്കോട്: വയോജന പരിചരണത്തിന് പുതിയതലം തുറന്ന് യങ് സീനിയേഴ്സ് ഫൗണ്ടേഷൻ. വി ആർ ഹെൽത്ത് വെൽനസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ തുടക്കം കുറിച്ച യങ് സീനിയേഴ്സ് ക്യാമ്പയിന്റെ ഭാഗമായി യങ് സീനിയേഴ്സ് കോൺക്ലേവ്-2024, അന്താരാഷ്ട്ര വയോജന ദിനമായ ഒക്ടോബർ ഒന്നിന് കോഴിക്കോട്ട് നടക്കും. വയോജനങ്ങളുടെ ശാരീരിക മാനസിക സാമൂഹിക പ്രശ്നങ്ങളെ ശാസ്ത്രീയമായി സമീപിക്കുക എന്ന ബോധ്യത്തോടെയാണ് യങ് സീനിയേഴ്സ് ഫൗണ്ടേഷൻ രൂപീകരിക്കുന്നത്. കോഴിക്കോട് ട്രിപെൻഡ ഹോട്ടലിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 3.30 വരെയാണ് കോൺക്ലേവ് സംഘടിപ്പിച്ചിരിക്കുന്നത്.

വാർധക്യത്തെ വിശ്രമജീവിതം നയിക്കേണ്ട സമയമായി മാത്രം കാണുന്ന പൊതുബോധത്തെ പ്രായമേറും കാലത്ത് പ്രിയമേറും ജീവിതം എന്ന ആപ്തവാക്യത്തോടെ മാറ്റിയെടുക്കാനുള്ള ജനകീയ ബോധവത്കരണത്തിന് നേതൃത്വം കൊടുക്കുക, സന്തോഷകരമായ വാർധക്യം മനുഷ്യാവകാശമാണെന്ന് തിരിച്ചറിഞ്ഞ് വാർധക്യത്തെ സ്വീകരിക്കാനും ആസ്വദിക്കാനും പ്രാപ്തമാക്കുന്ന സമൂഹത്തെ വാർത്തെടുക്കുക എന്നിവയാണ് യങ് സീനിയേഴ്സ് ഫൗണ്ടേഷന്റെ പ്രധാന ലക്ഷ്യങ്ങൾ. കോൺക്ലേവ് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ചീഫ് സെക്രട്ടറി ഡോ. വി വേണു, ഡോ. എം കെ മുനീർ എംഎൽഎ തുടങ്ങിയവർ മുഖ്യാതിഥികളാകും. തുടർന്ന് പാനൽ ഡിസ്കഷൻ നടക്കും.

കോൺക്ലേവിന്റെ ഭാഗമായി സാമൂഹിക സാംസ്കാരിക ആരോഗ്യ രംഗങ്ങളിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തിയ മുതിർന്നവർക്ക് യങ് സീനിയേഴ്സ് ലൈഫ് ടൈം അച്ചീവ്മെന്റ്, യങ് സീനിയേഴ്സ് ചേയ്ഞ്ച് മേക്കർ പുരസ്കാരങ്ങൾ നൽകും. പുരസ്കാരങ്ങൾക്കുള്ള നാമനിർദ്ദേശങ്ങൾ സെപ്റ്റംബർ 1 മുതൽ 10 വരെ നൽകാം. ഫോൺ: 6238810911. പരിപാടിയോടനുബന്ധിച്ച് യങ് സീനിയേഴ്സ് എൽഡേർലി ഫാഷൻ ഷോ നടക്കും. വയോജനങ്ങൾക്കും ആരോഗ്യം, ക്ഷേമകാര്യം, ഉപജീവനം എന്നീ മേഖലകളിൽ 20 കോടിയോളം രൂപയുടെ പദ്ധതികൾ സംസ്ഥാനത്ത് ആവിഷ്കരിച്ച് നടപ്പിലാക്കാനും യങ് സീനിയേഴ്സ് ഫൗണ്ടേഷൻ ലക്ഷ്യമിടുന്നുണ്ട്. വാർത്താസമ്മേളനത്തിൽ ചെയർമാൻ ഡോ. മുഹമ്മദ് ഫിയാസ്, പ്രസിഡന്റ് ഡോ. മുഹമ്മദ് മുഫ്ലി, ട്രഷറർ വിജയ് സുകുമാരൻ, പ്രോഗ്രാം ഡയറക്ടർ കെ ജി വിദ്യാധരൻ എന്നിവർ പങ്കെടുത്തു.

To advertise here,contact us