'ചിലരെ ചോദ്യം ചെയ്യാത്തതെന്ത്'?;കാഫിർ സ്ക്രീൻ ഷോട്ടിന്റെ ഉറവിടം കണ്ടത്തണമെന്നും ഹൈക്കോടതി

മതസ്പർധ വളർത്തിയതിന് ചുമത്തുന്ന വകുപ്പുകൾ എന്ത് കൊണ്ട് ചുമത്തിയില്ല എന്നും കോടതി ചോദിച്ചു

കൊച്ചി: ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് വടകര മണ്ഡലത്തിൽ പ്രചരിച്ച കാഫിർ സ്ക്രീൻ ഷോട്ടിന്റെ ഉറവിടം കണ്ടെത്തണമെന്ന് ഹൈക്കോടതി. മൊഴികളുടെ അടിസ്ഥാനത്തിൽ കിട്ടിയ പേരുകളിൽ ചിലരെ ചോദ്യം ചെയ്തതായി കാണുന്നില്ല. ഇവരെ ചോദ്യം ചെയ്യണമെന്നും കോടതി നിർദേശം നൽകി. മതസ്പർധ വളർത്തിയതിന് ചുമത്തുന്ന വകുപ്പുകൾ എന്ത് കൊണ്ട് ചുമത്തിയില്ല എന്നും കോടതി ചോദിച്ചു. എംഎസ്എഫ് നേതാവ് പികെ മുഹമ്മദ് കാസിം സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിർദേശം.

അതേസമയം, അന്വേഷണത്തിന്റെ പുരോഗതിയിൽ കോടതിക്ക് എതിർപ്പില്ല. ഏത് ദിശയിൽ വേണമെങ്കിലും അന്വഷണം നടത്താം. വിവാദ പോസ്റ്റ് ഇപ്പോഴും പ്രചരിക്കുന്നുണ്ടെങ്കിൽ അത് പൂർണമായും നീക്കം ചെയ്യേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. സ്ക്രീൻ ഷോട്ടിനുപിന്നിൽ ആരാണെന്ന് കണ്ടെത്താനായിട്ടില്ലെന്ന് നേരത്തെ പൊലീസ് ഹൈക്കോടതിയെ ബോധിപ്പിച്ചിരുന്നു. ഫേസ്ബുക്കിലും വാട്സാപ്പിലും പ്രചരിച്ച സ്ക്രീൻഷോട്ടിന്റെ ഉറവിടം ഏതെന്നു വ്യക്തമാക്കാത്തതിനാൽ അവയുടെ മാതൃകമ്പനിയായ ‘മെറ്റ’യെ കേസിൽ പ്രതിചേർത്തെന്നും പൊലീസ് കോടതിയെ അറിയിച്ചിരുന്നു.

കാസിം പങ്കുവെച്ച പോസ്റ്റ് എന്ന രീതിയിലായിരുന്നു സ്ക്രീൻ ഷോട്ട് പ്രചരിച്ചിരുന്നത്. സിപിഐഎം ഇതിനെതിരെ പരാതി നൽകുകയും ചെയ്തു. എന്നാൽ, സ്ക്രീൻഷോട്ട് വ്യാജമാണെന്ന് കാസിമും പരാതി നൽകി. മുഹമ്മദ് കാസിമാണ് പോസ്റ്റുചെയ്തത് എന്നതിന് ഒരു തെളിവും കിട്ടിയില്ലെന്ന് പൊലീസ് നേരത്തേ വ്യക്തമാക്കിയിരുന്നു. അന്വേഷണത്തില് പോസ്റ്റ് ആദ്യം പങ്കുവെച്ചവരില് ഒരാള് ഡിവൈഎഫ്ഐ നേതാവാണെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ഇദ്ദേഹം അബന്ധവശാൽ പോസ്റ്റ് പങ്കുവെച്ചതാണെന്നും സ്ക്രീൻഷോട്ട് നിർമിച്ചത് യുഡിഎഫ് ക്യാമ്പിൽ നിന്ന് തന്നെയാണെന്നുമായിരുന്നു സിപിഐഎം ജില്ലാ നേതൃത്വത്തിന്റെ അവകാശവാദം.

കാഫിർ സ്ക്രീൻ ഷോട്ട് വിവാദം; ചുമത്തിയത് ദുര്ബല വകുപ്പുകൾ, വടകര പോലീസിനെതിരെ ഹർജിക്കാരൻ

To advertise here,contact us