മേപ്പാടി: മുണ്ടക്കൈ ഉരുൾപൊട്ടലിൽ ഒലിച്ചുപോയ മനുഷ്യരുടെ ജീവനും സ്വത്തിനും പ്രാധാന്യം ഉള്ളതുപോലെ തന്നെ പ്രധാനമാണ് അവിടുത്തെ വളർത്തു മൃഗങ്ങളുടെ സംരക്ഷണവും. മൂന്നുദിവസമായി ദുരന്തബാധിതപ്രദേശത്ത് തുടരുകയാണ് ആനിമൽ പ്രൊട്ടക്ഷൻ ഓർഗനൈസേഷൻ ഹ്യൂമൻ സൊസൈറ്റി ഇന്റർനാഷണൽ ഇന്ത്യയുടെ സംസ്ഥാന കോഡിനേറ്റർ നയന സ്കറിയയുടെ നേതൃത്വത്തിലുള്ള സംഘം. ദുരന്തത്തിൽപ്പെട്ട് ഭക്ഷണമോ വൈദ്യചികിത്സയോ പരിചരണമോ കിട്ടാത്ത മിണ്ടാപ്രാണികളെ സംരക്ഷിക്കുകയാണ് സംഘം.
പട്ടി, പൂച്ച, പശു, എരുമ തുടങ്ങി ഒട്ടേറെ മൃഗങ്ങളെയാണ് നയന സ്കറിയയുടെ നേതൃത്വത്തിലുള്ള സംഘം രക്ഷപ്പെടുത്തിയത്. പല മൃഗങ്ങളും പരിക്കേറ്റ് അവശനിലയിലായിരുന്നു. ചൂരൽമലയിൽ 24 മണിക്കൂറും ഇവർക്കായി മൃഗസംരക്ഷണവകുപ്പിന്റെ കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. പരിക്കേറ്റ മൃഗങ്ങൾക്ക് ചികിത്സ നൽകിയ ശേഷം ഏറ്റെടുക്കാൻ തയ്യാറുള്ളവർക്ക് കൈമാറും. കഴിഞ്ഞദിവസം ദുരന്തസ്ഥലത്തുനിന്ന് കിട്ടിയ രണ്ട് നായക്കുട്ടികളെ പൊലീസ് സ്പെഷ്യൽ ഡിഫെൻസ് ഗ്രൂപ്പിനും സൈന്യത്തിനും നൽകിയിരുന്നു.
'തിരച്ചിൽ ശരിയായ രീതിയിൽ തന്നെ, സേനാ തലവന്മാരുമായി ഇന്ന് യോഗം ചേരും'; കെ രാജൻ
വയനാട്ടിലെ ഇപ്പോഴത്തെ സാഹചര്യം പരിഗണിച്ച് ചത്തമൃഗങ്ങളെ പോസ്റ്റ്മോർട്ടം ചെയ്യേണ്ടതില്ലെന്ന് മൃഗസംരക്ഷണവകുപ്പ് ജില്ലാ ഓഫീസർ ഡോ. രാജേഷ് അറിയിച്ചു. ജഡം മേപ്പാടിയിൽ സംസ്കരിക്കുന്നതിനും സജ്ജീകരണമുണ്ട്.