ദുബായ്: വയനാട്ടിലെ മുണ്ടക്കൈലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ ദുരിതമനുഭവിക്കുന്നവർക്കായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടിയന്തര സഹായമായി 10 ലക്ഷം രൂപ നൽകുമെന്ന് 'ഓർമ' സംഘടന അറിയിച്ചു. ദുരിതത്തെ നേരിടാൻ കേന്ദ്രം അടിയന്തര ധനസഹായം കേരളത്തിന് പ്രഖ്യാപിക്കണമെന്നും ഓർമ ഭാരവാഹികൾ പുറപ്പെടുവിച്ച പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും കേന്ദ്രത്തിന്മേൽ സമ്മർദം ചെലുത്തണം. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട സഹോദരങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തുന്നതായും ഭാരവാഹികൾ അറിയിച്ചു.
കൂടാതെ നാട്ടിലുള്ള ഓർമ പ്രവർത്തകർ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുന്നിട്ടിറങ്ങണമെന്നും സർക്കാർ സംവിധാനങ്ങളുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും പ്രസ്താവനയിൽ പറയുന്നു. കേരള സർക്കാർ നടത്തുന്ന ദുരിതാശ്വാസ പ്രവർത്തനവും ഏകോപനവും അഭിനന്ദാനാർഹമാണ്. ജീവൻ പോലും പണയം വെച്ച് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന സൈനികർ അടക്കമുള്ള രക്ഷാപ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നുവെന്നും ഓർമ അറിയിച്ചു.
വയനാട് മുണ്ടക്കൈ ദുരന്തം; നാല് കോടിയുടെ സഹായം പ്രഖ്യാപിച്ച് ഡോ ആസാദ് മൂപ്പൻ
ചൊവ്വാഴ്ച പുലർച്ചെയാണ് വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടായത്. ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 282 ആയി. മരണ സംഖ്യ കൂടിവരികയാണ്. മുണ്ടക്കൈയിൽ 180 വീടുകളുണ്ടായിരുന്നിടത്ത് 40 വരെ വീടുകളെ ബാക്കിയുള്ളൂവെന്നും വാർഡ് മെമ്പർ നൂറുദ്ദാൻ പറയുന്നു. നിലമ്പൂർ ജില്ലാ ആശുപത്രിയിൽ 137 മൃതദേഹങ്ങളാണ് ഇതുവരെ എത്തിച്ചത്. ഇതിൽ 54 മൃതദേഹങ്ങളും 83 ശരീര ഭാഗങ്ങളുമാണുള്ളത്. 31 മൃതദേഹങ്ങളും 41 ശരീരഭാഗങ്ങളും വയനാട്ടിലേക്ക് കൊണ്ട് പോയെന്നും അധികൃതർ അറിയിച്ചു. 195 പേർ ചികിത്സയിലാണ്.