കൽപ്പറ്റ: മുണ്ടക്കൈയിലും ചൂരൽമലയിലും അട്ടമലയിലും ഉണ്ടായ രക്ഷാപ്രവർത്തനത്തിന്റെ ആദ്യ ഘട്ടത്തിൽ നിർണായകമായത് പ്രദേശവാസികളായ അബ്ദുൽ റസാഖിന്റെയും നൂറുദീന്റെയും ഫോൺ കോളുകളായിരുന്നു. ദുരന്തത്തിന്റെ ചിത്രം ആദ്യമായി പുറം ലോകത്തെത്തുന്നത് ഇവരിലൂടെയാണ്. അപകടം നടന്നയുടനെ റിപ്പോർട്ടറിലേക്ക് വിളിച്ച അബ്ദുൽ റസാഖാണ് രക്ഷാപ്രവർത്തകർക്ക് വഴി കാണിച്ചു കൊടുക്കാൻ മുന്നിൽ നിന്നത്. നിലവിൽ മേപ്പാടി ഹയർസെക്കണ്ടറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണ് അബ്ദുൽറസാഖ്.
ചുറ്റുവട്ടത്തിലുള്ള പലരെയും രക്ഷിക്കാൻ വഴി കാണിച്ചുകൊടുക്കാൻ കഴിഞ്ഞപ്പോഴും തൊട്ടടുത്ത വീട്ടിലെ സഹോദര പുത്രനെയും കുടുംബത്തെയും മറ്റ് പല സുഹൃത്തുക്കളെയും ഇനിയും വീണ്ടെടുക്കാൻ കഴിയാത്തതിന്റെ മനോവിഷമത്തിലാണ് അബ്ദുൽ റസാഖ്. കാത് പൊട്ടുന്ന ഉരുൾ ശബ്ദം കേട്ടാണ് അബ്ദുൽ റസാഖ് പുലർച്ചെ എഴുന്നേൽക്കുന്നത്. വാതിൽ തുറന്ന് നോക്കുമ്പോൾ കാണുന്നത് കുത്തൊലിച്ച് വരുന്ന മലയും പാറകളും മരങ്ങളും. വീട്ടിലുള്ള ഉമ്മയെയും ഭാര്യയെയും മക്കളെയും അനിയൻ്റെ ഭാര്യയേയും അവരുടെ മക്കളെയും കൂട്ടിപിടിച്ച് തൊട്ടടുത്ത മദ്രസയുടെ വരാന്തയിലേക്ക് ഓടികയറി. അപ്പോഴേക്കും ചുറ്റുവട്ടത്തുള്ള പലരും സുരക്ഷിത സ്ഥാനമെന്ന നിലയിൽ മദ്രസയുടെ ഭാഗത്തേക്കെത്തിയിരുന്നു. ആ നിസ്സഹായാവസ്ഥയിലാണ് റസാഖ് റിപ്പോർട്ടറിന്റെ ഹെല്പ് ഡെസ്ക്കിലേക്ക് വിളിക്കുന്നത്. ശേഷം കുറച്ച് സമയങ്ങൾക്ക് ശേഷം രണ്ടാമതും ഉരുൾപൊട്ടിയപ്പോൾ ഒരു തുറന്ന സ്ഥലത്തേക്ക് എല്ലാവരും ഒരുമിച്ച് ഓടിയെന്നും റസാഖ് പറഞ്ഞു. നേരം വെളുക്കുവോളം അത്യന്തം ഭീതിയോടെയാണ് റസാഖും നൂറോളം ആളുകളും അവിടെ കഴിഞ്ഞത്. വെളിച്ചം വന്നപ്പോഴാണ് ദുരന്തത്തിന്റെ വ്യാപ്തിയറിഞ്ഞത്. ശേഷം രക്ഷാപ്രവർത്തകരെത്തി ഇവരെ രക്ഷിക്കുകയായിരുന്നു.
'പുതിയൊരു പാലം നിർമ്മിക്കുന്നതുവരെ ബെയ്ലി പാലം ഇവിടെയുണ്ടാകും'; മേജർ ജനറൽ മാത്യു