VIDEO: കുഞ്ഞു നൈസമോൾക്ക് പേന സമ്മാനിച്ച് പ്രതിപക്ഷ നേതാവ്; കണ്ണുനിറഞ്ഞ് വി ഡി സതീശൻ

വി ഡി സതീശനൊപ്പം രാഹുൽ മാങ്കൂട്ടത്തിൽ ടി സിദ്ധിഖ് അടക്കമുള്ള നേതാക്കളുമുണ്ടായിരുന്നു

മുണ്ടക്കൈ ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ട് മേപ്പാടി വിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നൈസ മോളെ കാണാനാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എത്തിയത്. പ്രതിപക്ഷ നേതാവ് എത്തുമ്പോൾ ആശുപത്രി കിടക്കയിൽ കിടക്കുകയായിരുന്നു കുഞ്ഞുനൈസ. അടുത്ത് എത്തി കൈകൊടുത്ത സതീശനെ കിടന്ന് കൊണ്ട് ആദ്യമൊന്ന് നോക്കിയ നൈസയുടെ തുടർന്നുള്ള നീക്കം പ്രതിപക്ഷനേതാവിനെ പോലും അതിശയിപ്പിക്കുന്നതായിരുന്നു.

കിടക്കയിൽ നിന്ന് എഴുന്നേറ്റ കുഞ്ഞു നൈസ ചാടിയെഴുന്നേറ്റ് പ്രതിപക്ഷ നേതാവിനോട് ചേർന്നു നിന്നു. ഒട്ടും മടിക്കാതെ വി ഡി സതീശൻ നൈസയെ വാരിയെടുത്തു. പ്രതിപക്ഷ നേതാവിൻ്റെ തോളത്തിരുന്ന നൈസ പിന്നെ ഒന്നും നോക്കിയില്ല വി ഡി സതീശൻ്റെ പോക്കറ്റിലിരുന്ന പേന കൈയിൽ എടുത്ത് കൗതുകത്തോടെ തുറന്ന് നോക്കി, തിരിച്ച് പോക്കറ്റിലിട്ടു. പിന്നെ പ്രതിപക്ഷ നേതാവിൻ്റെ ഷർട്ടിൻ്റെ ബട്ടനുകളിൽ തെരുപ്പിടിച്ചു. പ്രതിപക്ഷ നേതാവ് നൈസയെ ചേർത്ത് പിടിച്ച് മൂർദ്ധാവിൽ സ്നേഹത്തോടെ തലമുട്ടിച്ചു. ഇതിനിടയിൽ നൈസ പോക്കറ്റിൽ നിന്നും വീണ്ടും പേന കൈക്കലാക്കി. ഒടുവിൽ കുശലം പറഞ്ഞ് മടങ്ങുമ്പോൾ പ്രതിപക്ഷ നേതാവ് സമ്മാനമായി ആ പേന നൈസയ്ക്ക് തന്നെ സമ്മാനിച്ചു. ഒടുവിൽ വികരാധീനനായി സതീശൻ നൈസയോട് യാത്രപറഞ്ഞ് മടങ്ങി. വി ഡി സതീശനൊപ്പം രാഹുൽ മാങ്കൂട്ടത്തിൽ ടി സിദ്ധിഖ് അടക്കമുള്ള നേതാക്കളുമുണ്ടായിരുന്നു.

മുണ്ടക്കൈ ഉരുൾപ്പെട്ടലിൽ പരിക്കുകളോടെ നൈസ മോളും മാതാവ് ജെഷീലയും വിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിൽ പിതാവിനെയും വല്ല്യുമ്മയെയും വല്ല്യുപ്പയെയും നൈസ മോൾക്ക് നഷ്ടമായി.

To advertise here,contact us