കൽപ്പറ്റ: മുണ്ടക്കൈ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടവരെ പാർപ്പിച്ചിരിക്കുന്ന ക്യാമ്പുകൾ സന്ദർശിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ചൂരമലയിലെ ക്യാമ്പുകളാണ് രമേശ് ചെത്തിത്തല ആദ്യം സന്ദർശിച്ചത്. എല്ലാം നഷ്ടപ്പെട്ട ജനങ്ങളുടെ പുനരധിവാസത്തിനാണ് ഇനി മുൻഗണന നൽകുന്നതെന്നും മരിച്ചുപോയവരുടെ കുടുംബത്തിന് ധനസഹായം ഉറപ്പാക്കുമെന്നും മുൻ പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
ദുരന്തത്തെ അതിജീവിച്ചവരെ സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. മരിച്ചവരുടെ കുടുംബങ്ങളിൽ ആർക്കെങ്കിലും ജോലി നൽകാനാകുമോ എന്ന് സർക്കാർ പരിശോധിക്കണം. വിദ്യാർത്ഥികളുടെ പഠനാവശ്യങ്ങൾക്കായി സർക്കാരിന് എന്തെല്ലാം സഹായം നൽകാനാവുമെന്ന് സർക്കാർ പരിശോധിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
എല്ലാം നഷ്ടപ്പെട്ട ജനതയുടെ പ്രയാസവും ദുഃഖവുമാണ് കണ്ടുകൊണ്ടിരിക്കുന്നത്. മരണ സംഖ്യ ഉയരുന്നു എന്നത് തികച്ചും വേദനാജനകമാണ്. വളരെ ഹൃദയഭേദകമായ ഒരു അവസ്ഥയാണ് ഇതെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രി ഇന്ന് സർവ്വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. രാഷ്ട്രീയതിന് അതീതമായി ഒറ്റകെട്ടായി നിന്നുകൊണ്ട് പ്രവർത്തിക്കാനുള്ള സന്ദർഭമാണ്. ഞങ്ങൾ എല്ലാവരും അതിന് തയ്യാറാണെന്നും ഒരുമിച്ച് നിന്ന് കൊണ്ട് പ്രവർത്തിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പരസ്പരം കുറ്റാരോപണം നടത്തേണ്ട സമയമല്ല. എല്ലാവരും ഒരുമിച്ച് നിന്ന് ജനങ്ങളെ സഹായിക്കണം. ജാതി മതഭേത മന്യേ എല്ലാവർക്കും ഒറ്റ കെട്ടായി പ്രവർത്തിക്കാനുള്ള അവസരം കൂടിയാണിത്. അത് ഞങ്ങൾക്ക് ഉറപ്പുണ്ടെന്നും ചെന്നിത്തല പറഞ്ഞു.