കൊച്ചി: 2018 ൽ കേരളം അനുഭവിച്ച ഏറ്റവും വലിയ ദുരിതമായിരുന്നു വെള്ളപൊക്കം. അന്ന് ദുരിതബാധിതർക്ക് വസ്ത്രങ്ങൾ നൽകി കേരളക്കരയുടെ സ്നേഹവും ആദരവും നേടിയ നൗഷാദ് ഇത്തവണയും മാതൃകയാവുകയാണ്. വയനാട് മുണ്ടക്കൈ ചൂരൽ മലയിൽ ഉരുൾപൊട്ടി ജീവനും ജീവിതവും നഷ്ടമായവർക്കായി തന്നാൽ ആവുന്ന സഹായം എത്തിക്കാൻ കൊച്ചിയിൽ നിന്ന് ഓടിയെത്തിയിരിക്കുകയാണ് നൗഷാദ്.
'ദുരന്തം മുൻകൂട്ടി അറിഞ്ഞതുപോലെ, വല്ലാത്തൊരു യാദൃച്ഛികത'; ചര്ച്ചയായി വെള്ളാർമല സ്കൂൾ മാഗസിനിലെ കഥ
ചൊവ്വാഴ്ച രാത്രി പത്തരയോടെ വാടകക്ക് ടെമ്പോ ട്രാവലർ വിളിച്ച് തന്റെ കടയിൽനിന്ന് അത്യാവശ്യം വേണ്ട വസ്ത്രങ്ങളും സുഹൃത്തുക്കൾ ശേഖരിച്ച ഭക്ഷണവും മറ്റ് സാധനങ്ങളുമായി നൗഷാദ് ചുരം കയറി. നൈറ്റികൾ, ടി ഷർട്ടുകൾ, തോർത്തുമുണ്ട്, അടിവസ്ത്രങ്ങർ തുടങ്ങിയവയും അരി, റെസ്ക്, വെള്ളം, പഴങ്ങൾ തുടങ്ങിയ ഭക്ഷണ സാമഗ്രികളും നൗഷാദ് ക്യാമ്പിൽ എത്തിച്ചു. യാത്രക്കിടെ സുഹൃത്തിന് ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടർന്ന് ചികിത്സ തേടേണ്ടി വന്നതിനാൽ ബുധനാഴ്ച ഉച്ചയോടെയാണ് വയനാട്ടിൽ എത്തിയത്. വിവിധ ക്യാമ്പുകളിലെത്തി ദുരിതബാധിതർക്ക് വസ്തുക്കൾ കൈമാറുകയും ചെയ്തു.