'എന്ത് ഉറപ്പിലാ ഇനി ഞങ്ങള് അവിടെ പോയി ജീവിക്കാ'; തിരിച്ച് ചൂരൽമലയിലേക്കില്ലെന്ന് അമരാവതി

എല്ലാം ഉരുളെടുത്തിടത്തേക്ക് ഇനിയൊരു മടക്കമില്ലെന്നാണ് ഈ ദമ്പതികൾ പറയുന്നത്

മേപ്പാടി: 60 വർഷമായി ചൂരൽമലയിലാണ് പളനിസ്വാമി ജീവിക്കുന്നത്. ഭാര്യ അമരാവതിയാകട്ടെ ജനിച്ചതേ ഇവിടെയാണ്. ഇവിടുത്തെ പ്ലാന്റേഷനുകളിലാണ് ഇവർ ജോലി ചെയ്തത്. ഇന്ന് ഇത്രയും വർഷം ജീവിച്ച നാട് അടിയോടെ മാഞ്ഞുപോയതിന്റെയും ഉറ്റവർക്ക് എന്തുപറ്റിയെന്ന് അറിയാത്തതിന്റെയും വേദനയിലാണ് ഇവർ.

വീടടക്കം മണ്ണിനടിയിലാണോ ഒലിച്ചുപോയോ ഒന്നും ഇവർക്കറിയില്ല. മരങ്ങൾ ജനലിൽ അടിച്ചുള്ള വലിയ ശബ്ദം കേട്ട് ഭയന്ന് വീട് വിട്ടിറങ്ങുകയായിരുന്നു പളനി സ്വാമിയും അമരാവതിയും മകളും മരുമകനും. പുലർച്ചെ രണ്ട് മണി മുതൽ രാവിലെ ആറ് മണിവരെ അടുത്തുള്ള കാപ്പിക്കാട്ടിൽ ഇരുന്നു. ആറ് മണിക്കെത്തിയ ജീപ്പിൽ ചൂരൽമലയിലെ ക്രിസ്ത്യൻ പള്ളിയിലേക്കും അവിടെ നിന്ന് ദുരിതാശ്വാസ ക്യാമ്പിലേക്കുമെത്തി.

എന്നാൽ മുണ്ടക്കൈയിൽ താമസിച്ചിരുന്ന സഹോദരൻ രാമസ്വാമിക്കും സഹോദരന്റെ മകൻ വിജയബാലനും എന്ത് സംഭവിച്ചുവെന്ന് ഇതുവരെ അറിയാൻ കഴിഞ്ഞിട്ടില്ല. അവരെ ഇതുവരെ കണ്ടെത്തിയിട്ടില്ല. മരിച്ചുവെന്ന് ഉറപ്പിക്കാൻ മൃതദേഹവും കിട്ടിയിട്ടില്ല. അവരുടെ വീടുണ്ടായിരുന്ന സ്ഥലം പൂർണമായും ഒലിച്ചുപോയിരിക്കുന്നു. കൂടപ്പിറപ്പിനെ നഷ്ടപ്പെട്ടതിന്റെ വേദനയിലാണ് ഇവർ.

എല്ലാം ഉരുളെടുത്തിടത്തേക്ക് ഇനിയൊരു മടക്കമില്ലെന്നാണ് ഈ ദമ്പതികൾ ഒരേസ്വരത്തിൽ പറയുന്നത്. എന്ത് ഉറപ്പിലാ ഞങ്ങള് ഇനി അവിടെ പോയി ജീവിക്കാ, കണ്ണീരോടെ അവർ ചോദിക്കുന്നത്. അവിടെ ജീവിച്ച് മതിയായെന്നും ഇനി അങ്ങോട്ട് പോയിട്ട് കാര്യമില്ലെന്നും പറയുമ്പോൾ അമരാവതിയുടെ കണ്ണുനിറഞ്ഞൊഴുകുന്നുണ്ട്.

To advertise here,contact us