ന്യൂഡൽഹി: വയനാട് മുണ്ടക്കൈയിലെ ദുരന്തഭൂമിയിലെ അതിജീവിതർക്ക് സഹായ ഹസ്തവുമായി എയർടെലും. പ്രദേശത്തെ പ്രീപെയ്ഡ് പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് കോളിങ് സൗകര്യവും നിശ്ചിത ജിബി ഡാറ്റയുമാണ് എയർടെൽ വാഗ്ദാനം ചെയ്തിരിക്കുന്നത്. കൂടാതെ എല്ലാ പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കൾക്കും ബിൽപേയ്മെൻ്റ് തീയതി 30 ദിവസത്തേക്ക് നീട്ടി. ഭാരതി എയർടലിന്റെ ഔദ്യോഗിക എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് ഈ കാര്യം പങ്കുവെച്ചത്.
Airtel announces measures in solidarity with the communities affected by the landslide in Wayanad, Kerala.@JM_Scindia @DoT_India @NDRFHQ pic.twitter.com/UpfLjgsPhj
കാലാവധി കഴിഞ്ഞതോ റീചാർജ് ചെയ്യാൻ കഴിയാത്തതുമായ പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് പ്രതിദിനം ഒരു ജിബി സൗജന്യ മൊബൈൽ ഡാറ്റയും അൺലിമിറ്റഡ് കോളിംഗും പ്രതിദിനം 100 എസ്എംഎസും നൽകും. ഇത് 3 ദിവസത്തേക്ക് മാത്രമുളളതായിരിക്കുമെന്നും എയർടെൽ അറിയിച്ചു. പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കൾക്ക് ബിൽ പേയ്മെൻ്റ് തീയതി 30 ദിവസത്തേക്ക് നീട്ടിയിരിക്കുന്നതായും എയർടെൽ അറിയിച്ചു. കേരളത്തിലെ 52 എയർടെൽ റീട്ടെയിൽ സ്റ്റോറുകളും ദുരിതാശ്വാസ ശേഖരണ കേന്ദ്രങ്ങളാക്കി മാറ്റും. ആളുകൾ എത്തിക്കുന്ന ദുരിതാശ്വാസ സാമഗ്രികൾ വയനാട്ടിലെ പ്രാദേശിക ഭരണകൂടത്തിന് കൈമാറുമെന്നും കമ്പനി അറിയിച്ചു.
അതേസമയം മുണ്ടക്കൈ ദുരന്തത്തില് മരിച്ചവരുടെ എണ്ണം 270 ആയി. ചാലിയാറില് നിന്ന് മാത്രം ഇതുവരെ കിട്ടിയത് 72 മൃതദേഹങ്ങള്. മരണസംഖ്യ ഇനിയും ഉയരാന് സാധ്യത. 240 പേരെ ഇനിയും കണ്ടെത്താനായില്ല. 195 പേര് ചികിത്സയിലുണ്ട്. 147 മൃതദേഹങ്ങള് പോസ്റ്റ്മോര്ട്ടം ചെയ്തു. 52 മൃതദേഹാവശിഷ്ടങ്ങള് ലഭിച്ചതില് 42 എണ്ണവും പോസ്റ്റ്മോര്ട്ടം ചെയ്തു. 75 മൃതദേഹങ്ങള് ബന്ധുക്കള്ക്ക് വിട്ടു നല്കിയിട്ടുണ്ട്.