കൽപ്പറ്റ: വയനാട് ഉരുൾപൊട്ടലിൽ ഏറ്റവും ഒടുവിൽ ലഭിച്ച വിവരങ്ങൾ അനുസരിച്ച് 135 പേരാണ് മരണപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുള്ളത്. ഗുരുതരമായതും അല്ലാത്തതുമായ പരിക്കുകളോടെ ഇരുന്നൂറോളം പേർ വിവിധ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നു. നൂറുകണക്കിന് മനുഷ്യർ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. നിരവധി പേർ ഉരുൾപൊട്ടിയ പ്രദേശങ്ങളിൽ കുടുങ്ങി കിടക്കുന്നതായി സംശയിക്കുന്നു. ഇരുന്നൂറോളം പേരെ ഇനിയും കണ്ടെത്താനുളളതായി പറയപ്പെടുന്നു. ആശ്വാസകരമായ ഒരു വാർത്തയല്ലെങ്കിൽ പോലും ഒരു പകൽ ദൂരത്തിൽ ഒരുപാട് മനുഷ്യരെ രക്ഷിക്കാനായതിന്റെ നേർത്തൊരു നെടുവീർപ്പിലാണ് മലയാളികൾ. പ്രതീക്ഷയോടെയും പ്രാർത്ഥനയുടെയും ഈ രാത്രി ഇരുട്ടി വെളുക്കാൻ അവർ ഉറങ്ങാതെ കാത്തിരിക്കുകയാണ്.
മണ്ണും മലയും കുത്തൊലിച്ച് ഒരു ഗ്രാമത്തെ കവർന്നുവെന്ന് കേട്ടപ്പോഴെക്കും സംവിധാനങ്ങളും നാട്ടുകാരും മനുഷ്യരും ഒരുമിച്ച് ചേർന്ന് പരമാവധി ദുരന്തം ഒഴിവാക്കാൻ ശ്രമിച്ചതിന്റെ ഫലമാണ് ദുരന്തമുനമ്പിൽ നിന്ന് തിരിച്ച് പിടിച്ച ജീവനുകൾ. എൻഡിആർഎഫ്, സൈന്യം, പൊലീസ്, ഫയർഫോഴ്സ്, സർക്കാർ, നാട്ടുകാർ എന്നിവർ ഒരുമിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. ജീവൻ വകവെക്കാതെ അത്യന്തം ദുർഘടം പിടിച്ച രക്ഷാപ്രവർത്തനമാണ് സഹജീവികൾക്ക് വേണ്ടി മലയാളികൾ നടത്തിയത്. മുന്നുപിന്നും നോക്കാതെ മണ്ണിൽ പുതഞ്ഞവർക്ക് കൈകൊടുക്കാൻ അവർ തയ്യാറായി. അനാവശ്യ തിരക്കുകൾ ഒഴിവാക്കാൻ ദുരന്ത മുഖത്തേക്ക് ഓടി പോകാതെ ജാഗ്രത പാലിച്ചു. ഭക്ഷണവും അത്യാവശ്യ സാധനങ്ങളും എത്തിച്ചു. സ്വന്തം ഉറ്റവരും ഉടയവരുമാണ് അപകടത്തിൽപ്പെട്ടതെന്ന ഹൃദയവേദനയോടെ ലേകമെമ്പാടുമുള്ള മലയാളികളാകെ പ്രാർത്ഥനയോടെ നിമിഷങ്ങളെണ്ണി കാത്തിരുന്നു, കൂടുതൽ അശുഭകരമായതൊന്നും സംഭവിക്കാതിരിക്കാൻ. അവരുടെ മനസ്സ് മുഴുവൻ വയനാടിനും അട്ടമലയ്ക്കും മുണ്ടക്കൈയിലുമാണ്. കാണാമറയത്തുള്ള തങ്ങളുടെ പ്രിയപ്പെട്ടവർ ഈ രാത്രിയെ അതിജീവിക്കുമെന്ന പ്രതീക്ഷയിൽ അവർ കാത്തിരിക്കുന്നു.