കല്പ്പറ്റ: ഒരു നാടിന്റെ നോവില് കേരളത്തിനൊപ്പം ഉറങ്ങാതെ കൂട്ടിരിക്കുകയാണ് ഒരു കൂട്ടം അധ്യാപകര്. വയനാട് ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലൊന്നായ മേപ്പാടി ഗവണ്മെന്റ് ഹയര് സെക്കന്ററി സ്കൂളിലെ അധ്യാപകരാണ് ക്യാമ്പിന് വേണ്ടി എല്ലാ സംവിധാനങ്ങളും സൗകര്യങ്ങളും ഒരുക്കി ഉറങ്ങാതെ ഇരിക്കുന്നത്. ഒരുനാട് വലിയ ദുരന്തത്തിലൂടെ കടന്നുപോകുമ്പോള് ഉറങ്ങുന്നത് എങ്ങനെയെന്നാണ് അവര് ചോദിക്കുന്നത്.
'പണ്ട് പുത്തുമല ദുരന്തം ഉണ്ടായിരുന്നപ്പോഴാണ് ഞങ്ങള് ഇങ്ങനെ പ്രവര്ത്തിച്ചിരുന്നത്. പക്ഷേ അതിനേക്കാള് ഭീകരമായ അവസ്ഥയാണ് ഇപ്പോള് ഉണ്ടായിരുന്നത്. നാട് ഇങ്ങനെയൊരു ദുരന്തമുഖത്ത് നില്ക്കുമ്പോള് നമുക്കൊരിക്കലും വീട്ടില് കിടന്നുറങ്ങാന് കഴിയില്ല. ദുരന്തം ബാധിച്ചവര്ക്ക് ആവശ്യമുള്ള എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുന്നതിനാണ് ഞങ്ങള് അധ്യാപകര് എല്ലാവരും ഒത്തുകൂടിയിരിക്കുന്നത്', ഒരു അധ്യാപകന് റിപ്പോര്ട്ടര് ടിവിയോട് പറഞ്ഞു.
LIVE BLOG:മുണ്ടക്കൈ ദുരന്തം, മരണം 365 ആയി; മുണ്ടക്കൈ, ചൂരൽമല പ്രദേശത്തെ എല്ലാവർക്കും സൗജന്യ റേഷൻ
മുണ്ടക്കൈ ഉരുള്പൊട്ടലിന്റെ സാഹചര്യത്തില് വയനാട്ടിലെ വിവിധ ക്യാമ്പുകളിലായി 3000ത്തോളം പേരാണ് കഴിയുന്നത്. ഏറ്റവും കൂടുതലാളുകള് കഴിയുന്ന ക്യാമ്പാണ് മേപ്പാടി ഗവണ്മെന്റ് ഹയര് സെക്കന്ററി സ്കൂള്.