22 കുട്ടികളെക്കുറിച്ച് യാതൊരു വിവരവുമില്ല, ആശങ്ക: വെള്ളാർമല സ്കൂളിലെ പ്രിൻസിപ്പാള്

വളരെ ദയനീയമാണ് അവിടത്തെ അവസ്ഥയെന്നും ടീച്ചർ പറഞ്ഞു

കൽപ്പറ്റ: വയനാട്ടിലെ മേപ്പാടി മുണ്ടക്കൈയിലും ചുരല്മലയിലും ഉരുൾപൊട്ടിയുണ്ടായ ദുരന്തത്തില് വെള്ളാർമല വിഎച്ച്എസ് സി സ്കൂളിലെ 22 കുട്ടികളെക്കുറിച്ച് ഒരു വിവരവുമില്ലെന്ന് പ്രിൻസിപ്പാള് ദിവ്യ. ഒന്ന് മുതൽ 12വരെയുള്ള ക്ലാസുകളിലെ 582 കുട്ടികളാണുള്ളതെന്നും അവരിൽ 22 കുട്ടികളെ വിളിച്ചിട്ട് കിട്ടുന്നില്ലെന്നാണ് ദിവ്യ ടീച്ചർ പറയുന്നത്.

അവരുടെ ക്ലാസ് ടീച്ചേഴ്സ് നിരന്തരം വിളിച്ചു കൊണ്ടിരിക്കുകയാണ്. പുലര്ച്ചെ മൂന്നര മണിമുതൽ കുട്ടികളെ വിളിക്കുന്നുണ്ടെന്നും പ്രിൻസിപ്പാള് പറഞ്ഞു.ബാക്കി കുട്ടികളെല്ലാം സുരക്ഷിതരാണ്. വളരെ ദയനീയമാണ് അവിടത്തെ അവസ്ഥയെന്നും ടീച്ചർ പറഞ്ഞു.

അവിടെ കറൻ്റില്ലാത്തുകൊണ്ട് വിളിച്ചിട്ട് കിട്ടാത്തതാവും. ബാക്കി കുട്ടികളെല്ലാവരും സുരക്ഷിതരാണ്. വളരെ ദയനീയ അവസ്ഥയാണിവിടെ. ഇവിടെ കറന്റില്ല. ചിലപ്പോൾ അവരുടെ ഫോൺ നഷ്ടപ്പെട്ടതായേക്കാമെന്നും പ്രിൻസിപ്പാള് കൂട്ടിച്ചേർത്തു.

Live Blog: മുണ്ടക്കൈ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 125 കടന്നു; 98 പേരെ കാണാനില്ല

അതേസമയം മുണ്ടക്കൈ ദുരന്തത്തില് മരണസംഖ്യ 84 ആയി ഉയർന്നു. മരണ സംഖ്യ കൂടിവരികയാണ്. വയനാട് ചൂരൽമലയിൽ പള്ളിയിലും മദ്രസയിലും പോളിടെക്നിക്കിലും താത്ക്കാലിക ആശുപത്രികൾ ആരംഭിക്കുന്നതായി ആരോഗ്യമന്ത്രി അറിയിച്ചു. പുലർച്ചെ രണ്ട് മണിയോടെ വലിയ ശബ്ദം കേൾക്കുകയായിരുന്നുവെന്നാണ് പ്രദേശവാസികൾ പറഞ്ഞത്. നിരവധി പേരെ രക്ഷപ്പെടുത്തി, കുറച്ച് പേർ മണ്ണിനടിയിൽപ്പെട്ടു, നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. രക്ഷാ ദൗത്യം തുടരുകയാണ്. ഉരുൾപൊട്ടലിൽ നിരവധി വീടുകൾക്ക് നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. തിരുവനന്തപുരം പാങ്ങോട് മിലിട്ടറി ക്യാമ്പില് നിന്ന് 130 സൈനികര് കൂടി വയനാട്ടിലേക്ക് പുറപ്പെട്ടു. വിമാനമാര്ഗം സംഘം അല്പസമയത്തിനകം കോഴിക്കോടെത്തും.

To advertise here,contact us