നമ്മൾ ഒരുമിച്ച് ഇറങ്ങേണ്ട സാഹചര്യം; സ്ഥിതി ദുഷ്കരം, രാത്രി തിരച്ചിൽ തുടരില്ല: മുഖ്യമന്ത്രി

ചൂരൽ മലയിൽ രണ്ട് താൽകാലിക ആശുപത്രികൾ സജ്ജമാക്കും

തിരുവനന്തപുരം: വയനാട്ടിലെ ദുരന്തം ഹൃദയഭേദകമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 93 മൃതദേഹങ്ങൾ ഇതുവരെ കണ്ടെത്തി. അവസാന കണക്കല്ല, ഇനിയും മാറ്റം വരാം. 128 പേർ ചികിത്സയിലുണ്ട്. 34 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. അതിൽ 18 എണ്ണം ബന്ധുക്കൾക്ക് വിട്ട് നൽകിയെന്നും വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

വയനാട്ടിലെ ദുരിത ബാധിതരെ സഹായിക്കാൻ നാം ഒരുമിച്ചിറങ്ങണം. ആശുപത്രിയിൽ കഴിയുന്നവരുടെ ചികിത്സ ചെലവ് സർക്കാർ വഹിക്കും. പോസ്റ്റുമോർട്ടം നടപടികൾ വേഗത്തിലാക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. രാത്രി രക്ഷാദൌത്യം പ്രയാസകരമായിരിക്കും. അതിനാൽ രാത്രി ദൌത്യം തുടരാൻ സാധ്യതയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കുഞ്ഞുങ്ങൾ ഉൾപ്പടെ മണ്ണിൽ പുതഞ്ഞുപോവുകയായിരുന്നു. കുറച്ചുപേർ ഒഴുകിപ്പോയി. ചാലിയാറിൽ നിലമ്പൂരിൽ നിന്ന് 16 മൃതദേഹങ്ങൾ കണ്ടെത്തി. സൈനിക സംഘം മുണ്ടക്കൈ മാർക്കറ്റ് മേഖലയിൽ രാവിലെ എത്തി പരുക്കേറ്റവരെ മുഴുവൻ മാറ്റി. നമ്മുടെ നാട് ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും വലിയ ദുരന്തമാണിത്. രക്ഷാപ്രവർത്തനം ആകാവുന്ന രീതിയിൽ തുടരുന്നുണ്ട്. ചൂരൽമലയുടെ ഒരു മേഖല തന്നെ ഒലിച്ചുപോവുകയായിരുന്നു. ആദ്യ ഉരുൾപൊട്ടൽ പുലർച്ചെ 2 മണിക്കും രണ്ടാമത്തേത് 4.10 നും സംഭവിച്ചു.

ഇരുവഴിഞ്ഞി പുഴ രണ്ടായി ഒഴുകുകയാണ്. സാധ്യമായ എല്ലാ ശക്തിയും മാർഗ്ഗവും ഉപയോഗിച്ച് രക്ഷാപ്രവർത്തനം തുടരും. പ്രധാനമന്ത്രി നരേന്ദ്ര മോഡി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, ബംഗാൾ ഗവർണർ സി വി ആനന്ദ ബോസ് എന്നിവർ എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ 5 മന്ത്രിമാർ പ്രദേശത്ത് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്.

ഇതുവരെ ദുരിത പ്രദേശത്ത് 45 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. സംസ്ഥാനത്ത് ആകെ 118 ക്യാമ്പുകളുണ്ട്. ഭക്ഷ്യ വസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തും. ചൂരൽ മലയിൽ രണ്ട് താൽകാലിക ആശുപത്രികൾ സജ്ജമാക്കും. മദ്രസയിലും പോളിടെക്നിക്കിലും ആയിരിക്കും താൽക്കാലിക ആശുപത്രികൾ. അധിക മോർച്ചറികൾ സജ്ജീകരിക്കും.

തിരിച്ചറിയാനാകാത്ത മൃതദേഹങ്ങളുടെ ഡിഎന്എ പരിശോധന നടത്തും. അവധിയിലുള്ള ആരോഗ്യ പ്രവർത്തകരോട് തിരികെ എത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. അപകടസ്ഥലം ദുരന്ത ബാധിത പ്രദേശമായി പ്രഖ്യാപിച്ച സ്ഥലമല്ല. പ്രദേശങ്ങളിൽ ഉടൻ വൈദ്യുതി പുനസ്ഥാപിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. മാധ്യമങ്ങൾ ഭീതി പടർത്താതെ, അവധാനതയോടെ ഇടപെട്ടു. ദുരന്ത മേഖലയിൽ നിൽക്കുന്ന മാധ്യമ പ്രവർത്തകർ സുരക്ഷ ഉറപ്പാക്കണം. ഭീതി പടർത്താതെയുള്ള റിപ്പോർട്ടിംഗ് അഭിനന്ദനാർഹമാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പൊതുജനങ്ങള്ക്ക് സംഭാവന നൽകാവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

To advertise here,contact us