വയനാട്: വയനാട്ടില് മാതൃകാപരമായ രക്ഷാപ്രവര്ത്തനമാണ് നാട്ടുകാര് നടത്തിയതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഒരുപാട് പേരുടെ ജീവന് അങ്ങനെ തന്നെ സംരക്ഷിക്കാനായി. ദുരന്തമുഖത്തേക്ക് സംവിധാനങ്ങളെല്ലാം രക്ഷാദൗത്യത്തിനെത്തിക്കാന് സാധിച്ചുവെന്നും സന്ധ്യാനേരം കഴിഞ്ഞും രക്ഷാപ്രവര്ത്തനം തുടരാനായി എന്നത് വലിയ രീതിയിൽ സഹായകരമായെന്നും മന്ത്രി റിപ്പോര്ട്ടര് ടിവിയോട് പറഞ്ഞു.
'വയനാടിന് പുറമെ കണ്ണൂര്, കോഴിക്കോട് ജില്ലകളില് നിന്നും രക്ഷാപ്രവര്ത്തനത്തിന് വേണ്ടി ഉപയോഗിക്കുന്ന സംവിധാനങ്ങള് എത്തിക്കാനായി. അതുകൊണ്ടുതന്നെ വൈകിട്ട് അഞ്ച് മണിയോടുകൂടി അവസാനിപ്പിക്കേണ്ട രക്ഷാപ്രവര്ത്തനം ഏഴുമണി വരെ നീണ്ടുനിന്നു. സന്ധ്യാനേരം കഴിഞ്ഞും രക്ഷാപ്രവര്ത്തനം തുടരാനായി എന്നത് വലിയ സഹായകരമായി. ഇനി അടുത്ത ഘട്ടത്തിലേക്കാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്', മന്ത്രി പറഞ്ഞു.
കണ്ണു തുറക്കുമ്പോള് കഴുത്തറ്റംവരെ വെള്ളമായിരുന്നു, ഒരു ആയുഷ്ക്കാലം മുഴുവനും സമ്പാദിച്ചത് പോയി: സോമൻ
രക്ഷാപ്രവര്ത്തനത്തില് സൈന്യത്തിനൊപ്പം ഇവിടത്തെയും മറ്റു ജില്ലകളിലെയും ആളുകള് ഇടപെടുന്നുവെന്നത് വലിയ പ്രത്യേകതയാണ്. സ്ഥലങ്ങള് വളരെ നന്നായി അറിയുന്ന പരിസരവാസികളെല്ലാവരും ഇതിനായി മുന്നിട്ടിറങ്ങി. ദൗത്യസംഘത്തിനൊപ്പം നാട്ടുകാരും എല്ലാതരത്തിലുള്ള സഹായത്തിനും മുന്നിട്ടിറങ്ങിയതുകൊണ്ടുതന്നെ ഒരുപാട് ആളുകളെ രക്ഷിക്കാനായെന്നും മന്ത്രി റിപ്പോര്ട്ടര് ടിവിയോട് പറഞ്ഞു.
'വളരെ വലിയ ദുരന്തമാണ് ഉണ്ടായതെങ്കിലും ഒറ്റക്കെട്ടായ രക്ഷാപ്രവര്ത്തനത്തിലൂടെ ഒരുപാട് പേരുടെ ജീവന് സംരക്ഷിക്കാന് സാധിച്ചു. ഷിരൂരിലേതിന് വിഭിന്നമായി കേരളത്തില് എല്ലാവരും ഒറ്റക്കെട്ടായാണ് ദുരന്തത്തെ അതിജീവിക്കുന്നത്. എല്ലാ മന്ത്രിമാരും രാഷ്ട്രീയ പാര്ട്ടികളും നേതാക്കളും സന്നദ്ധ സംഘടനകളും എല്ലാവരും ഓടിവരികയാണ്. രക്ഷാപ്രവര്ത്തനത്തിന് സന്നദ്ധരായി ഒരുനിര തന്നെയുണ്ട്. വാഹനങ്ങള് നിയന്ത്രിക്കാനും മറ്റും എല്ലാവരും വളരെ സഹകരണമാണുള്ളത്. മാതൃകാപരമായ ഇടപെടലാണ് ഇവിടെ ജനങ്ങള് നടത്തുന്നത്', മന്ത്രി റിയാസ് കൂട്ടിച്ചേര്ത്തു.