നിര്‍മലാ കോളേജിലെ പ്രതിഷേധം; പ്രചരിക്കുന്ന വാർത്തകൾ തെറ്റെന്ന് എംഎസ്എഫ്

കോളേജില്‍ പ്രാര്‍ത്ഥനയ്ക്കായി ഇടം അനുവദിക്കണം എന്നാവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥി പ്രതിഷേധം നടന്നത്

കൊച്ചി: മൂവാറ്റുപുഴ നിര്‍മല കോളേജിൽ എംഎസ്എഫ് സമരമെന്ന പേരിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് എംഎസ്എഫ് സംസ്ഥാന കമ്മറ്റി. വ്യാജ പ്രചരണത്തിൽ നിന്ന് മാധ്യമങ്ങൾ പിന്മാറണമെന്നും എംഎസ്എഫ് വ്യക്തമാക്കി. കോളേജില്‍ പ്രാര്‍ത്ഥനയ്ക്കായി ഇടം അനുവദിക്കണം എന്നാവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥി പ്രതിഷേധം നടന്നത്. വിദ്യാര്‍ത്ഥി പ്രതിഷേധത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് എസ്എഫ്‌ഐയും നേരത്തെ വ്യക്തമാക്കിയിരുന്നു. കോളേജില്‍ നമസ്‌കാര മുറി വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് എസ്എഫ്‌ഐ നേതൃത്വം പറഞ്ഞു.

'മൂവാറ്റുപുഴ നിര്‍മ്മല കോളേജില്‍ ഒരു പ്രത്യേക മതവിഭാഗത്തിന്റെ ആരാധനാ സ്വാതന്ത്ര്യത്തിന് വേണ്ടി എസ്.എഫ്.ഐ സമരം സംഘടിപ്പിച്ചിട്ടില്ല. രണ്ട് വിദ്യാര്‍ത്ഥികള്‍ പ്രാര്‍ത്ഥന നടത്തിയതുമായി ബന്ധപ്പെട്ടുണ്ടായ വിഷയത്തില്‍ ഒരു ക്ലാസിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും പ്രിന്‍സിപ്പാള്‍ ഓഫീസിന് മുമ്പില്‍ നടത്തിയ പ്രതിഷേധം എസ്.എഫ്.ഐയുടെ തലയില്‍ കെട്ടിവെക്കുന്നത് സംഘപരിവാര്‍, കാസ കേന്ദ്രങ്ങളുടെ കുബുദ്ധിയാണ്' എന്നായിരുന്നു എസ്എഫ്ഐ നേരത്തെ വ്യക്തമാക്കിയത്.

അതേ സമയം തെറ്റായ പ്രചരണം ഒഴിവാക്കണമെന്ന് കോളേജ് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. പ്രാര്‍ത്ഥന മുറി വേണമെന്ന് ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടിരുന്നു. കോളേജിന്റെ പേരില്‍ മതസ്പര്‍ദ്ധ ഉണ്ടാക്കാനുള്ള നീക്കം ഒഴിവാക്കണമെന്നും കോളേജ് അധികൃതര്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥി പ്രതിഷേധത്തില്‍ ഖേദം പ്രകടിപ്പിച്ച് മഹല്ല് കമ്മിറ്റി ഭാരവാഹികളും രംഗത്തെത്തി. കോളേജിന് സമീപത്തെ വിവിധ മഹല്ല് കമ്മിറ്റി ഭാരവാഹികളാണ് കോളേജ് അധികൃതരെ നേരില്‍ കണ്ട് ഖേദം പ്രകടിപ്പിച്ചത്. വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് തെറ്റ് സംഭവിച്ചുവെന്ന് മഹല്ല് ഭാരവാഹികള്‍ അധികൃതരെ അറിയിച്ചു.

To advertise here,contact us