കണ്ണില്ലാ ക്രൂരത; ഗര്‍ഭിണിയായ കുതിരയെ യുവാക്കള്‍ കെട്ടിയിട്ട് മർദ്ദിച്ചു

പൊലീസ് അന്വേഷണം ആരംഭിച്ചു

കൊല്ലം: പള്ളിമുക്കില്‍ കുതിരയോട് യുവാക്കളുടെ ക്രൂരത. ഗര്‍ഭിണിയായ കുതിരയെ ഒരു സംഘം യുവാക്കള്‍ തെങ്ങില്‍ കെട്ടിയിട്ട് വളഞ്ഞിട്ട് മർദ്ദിക്കുന്ന ദൃശ്യം പുറത്തുവന്നു. കുതിരയുടെ ദേഹമാസകലം മുറിവേറ്റിട്ടുണ്ട്. സംഭവത്തില്‍ കുതിരയുടെ ഉടമ ഷാനവാസ് ഇരവിപുരം പൊലീസില്‍ പരാതി നല്‍കി.

വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. അയത്തില്‍ തെക്കേക്കാവ് ഭഗവതി ക്ഷേത്രപരിസരത്താണ് പകല്‍ കുതിരയെ കെട്ടിയിരുന്നത്. വൈകീട്ട് കുതിരയെ അഴിക്കാനെത്തിയപ്പോളാണ് ശരീരത്തില്‍ പരിക്കുകള്‍ കണ്ടത്. സിസിടിവി പരിശോധിച്ചപ്പോഴാണ് ക്രൂരത പുറത്തറിയുന്നത്.

വാഹനങ്ങളിലെത്തിയ ഒരു കൂട്ടം ചെറുപ്പക്കാര്‍ നീണ്ട വടിയുപയോഗിച്ച് കുതിരയെ മര്‍ദിക്കുകയായിരുന്നു. ഒരാള്‍ കുതിരയുടെ കയറില്‍ പിടിച്ച് കെട്ടിയിരുന്ന തെങ്ങിനോടു ചേര്‍ത്ത് അനങ്ങാനാകാത്തവിധം നിര്‍ത്തുകയും മറ്റുള്ളവര്‍ വടികൊണ്ടും കൈകാലുകള്‍കൊണ്ടും അടിക്കുകയുമായിരുന്നു. കുതിരയെ അഴിച്ചുമാറ്റി നിര്‍ത്തിയും ഏറെനേരം മര്‍ദനം തുടര്‍ന്നു. സംഘത്തിലൊരാള്‍ കാല്‍മുട്ട് മടക്കി തുടര്‍ച്ചയായി കുതിരയുടെ നെഞ്ചില്‍ തൊഴിക്കുന്നതും കാണാം.

പരിക്കേറ്റ കുതിരയെ ജില്ലാ മൃഗാശുപത്രിയിലെത്തിച്ചു ചികിത്സ നല്‍കി. സിസിടിവി ദൃശ്യത്തില്‍ നിന്നും ആരാണ് ഉപദ്രവിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ ഇരവിപുരം പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.

To advertise here,contact us