ഒമ്പതാം നാള്‍, അര്‍ജുന്റെ ലോറി കണ്ടെത്തി; മന്ത്രിയുടെ സ്ഥിരീകരണം, ഉറപ്പിക്കാന്‍ മുങ്ങല്‍ വിദഗ്ധര്‍

സിഗ്‌നല്‍ ലഭിച്ച സ്ഥലത്താണ് ലോറിയുള്ളത്

അങ്കോല: മണ്ണിടിച്ചിലുണ്ടായ പ്രദേശത്തെ തെരച്ചിലില്‍ പുഴയില്‍ കണ്ടെത്തിയത് അര്‍ജുന്റെ ലോറി തന്നെയെന്ന് സ്ഥിരീകരണം. ഇക്കാര്യം എസ്പി സ്ഥിരീകരിച്ചു. വിവരം പൊലീസ് സര്‍ക്കാരിന് കൈമാറി. സിഗ്‌നല്‍ ലഭിച്ച സ്ഥലത്താണ് ലോറിയുള്ളത്. ലോറി അര്‍ജുന്റേതെന്ന് ഉറപ്പാക്കാന്‍ എന്‍ഡിആര്‍എഫ് സംഘം പുഴയില്‍ പരിശോധന തുടങ്ങി. എന്‍ഡിആര്‍എഫിന്റെ നാല് യൂണിറ്റ് പുഴയില്‍ ഇറങ്ങി.

ബൂം എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ചുള്ള തെരച്ചിലിനിടെ ലോഹവസ്തു കണ്ടെത്തിയതോടെയാണ് അര്‍ജുന്റെ ലോറിയാണെന്ന സംശയം ഉയര്‍ന്നത്. പിന്നീട് അര്‍ജുന്റെ ലോറിയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഷിരൂര്‍ പുഴയിലാണ് ലോറി കണ്ടെത്തിയത്. അതേസമയം ലോറിയില്‍ തടികെട്ടാന്‍ ഉപയോഗിക്കുന്ന വെളുത്ത നിറമുള്ള കയറും പുഴയ്ക്കരികില്‍ കണ്ടെത്തിയിരുന്നു. ഇതും അര്‍ജുന്റെ ലോറിയില്‍ നിന്നുള്ളതാവാം എന്നാണ് അനുമാനം.

പുഴയില്‍ ട്രക്ക് കണ്ടെത്തിയതായി കര്‍ണാടക റവന്യൂ വകുപ്പ് മന്ത്രി കൃഷ്ണ ഭൈര ഗൗഡ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഗംഗാവലി പുഴ കേന്ദ്രീകരിച്ചുള്ള തെരച്ചില്‍ നാവികസേന ശക്തമാക്കിയിരുന്നു. ഈ പരിശോധനയിലാണ് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചത്. അഡ്വാന്‍സ്ഡ് പോര്‍ട്ടല്‍ പോളാര്‍ സിസ്റ്റം ഉപയോഗിച്ചുള്ള സ്‌കാനിങ്ങിലാണ് ഗംഗാവാലി നദിയില്‍ നിന്ന് സിഗ്‌നല്‍ ലഭിച്ചത്.

To advertise here,contact us