കേന്ദ്ര ബജറ്റ് 2024: വമ്പന്‍ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിച്ച് കേരളം

രണ്ട് കേന്ദ്രമന്ത്രിമാരുള്ള കേരളത്തിന് എയിംസ് അനുവദിക്കുമോ എന്നതിലും ആകാംക്ഷയുണ്ട്

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ വമ്പന്‍ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിച്ച് കേരളം. സില്‍വര്‍ ലൈന്‍, വിഴിഞ്ഞം തുറമുഖ വികസനത്തിന് 5,000 കോടി രൂപയുടെ പദ്ധതി തുടങ്ങിയവയാണ് കേരളത്തിന്റെ പ്രധാന ആവശ്യങ്ങള്‍. രണ്ട് കേന്ദ്രമന്ത്രിമാരുള്ള കേരളത്തിന് എയിംസ് അനുവദിക്കുമോ എന്നതിലും ആകാംക്ഷയുണ്ട്.

സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ 24,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് ആണ് രണ്ടാമത്തെ ആവശ്യം. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിലെ നഷ്ടം നികത്താന്‍ കേന്ദ്രം സഹായിക്കണമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ആവശ്യപ്പെട്ടിരുന്നു. വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാകുന്നതോടെ അനുബന്ധ വികസനങ്ങള്‍ക്ക് പണം വേണം. 5,000 കോടി ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും 1,000 കോടിയെങ്കിലും കിട്ടും എന്നാണ് പ്രതീക്ഷ.

റബ്ബറിന്റെ താങ്ങുവില വര്‍ധന, കോഴിക്കോട് വയനാട് തുരങ്ക പാത, റെയില്‍വേ നവീകരണം തുടങ്ങി നിരവധി ആവശ്യങ്ങള്‍ കേരളം കേന്ദ്രത്തിന് മുന്നില്‍ വെച്ചിട്ടുമുണ്ട്.

തുടര്‍ച്ചയായ ഏഴാമത്തെ ബജറ്റാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കാനൊരുങ്ങുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പിലെ തിരിച്ചടിയും ഈ വര്‍ഷം നടക്കാന്‍ പോകുന്ന നിയമസഭ തിരഞ്ഞെടുപ്പുകളും ബജറ്റിനെ സ്വാധീനിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വന്‍തിരിച്ചടിയുണ്ടായ സാഹചര്യത്തില്‍ എന്തൊക്കെ ജനപ്രിയ പദ്ധതികള്‍ ബജറ്റിലുണ്ടാകും എന്നതും ആകാംക്ഷയാണ്.

To advertise here,contact us