യാക്കോബായ-ഓര്‍ത്തഡോക്‌സ് പള്ളി തർക്കം; പൊലീസ് പള്ളി പിടിച്ചെടുക്കാനുള്ള നീക്കം തുടങ്ങി

പാലക്കാട് വടക്കഞ്ചേരിയിലാണ് പള്ളികള്‍ പിടിച്ചെടുക്കാനുള്ള നീക്കം തുടങ്ങിയത്

വടക്കഞ്ചേരി: യാക്കോബായ-ഓര്‍ത്തഡോക്‌സ് പള്ളി തര്‍ക്കത്തിൽ പൊലീസ് പള്ളികൾ പിടിച്ചെടുക്കാനുള്ള നീക്കം തുടങ്ങി. പാലക്കാട് വടക്കഞ്ചേരിയിലാണ് പള്ളികള്‍ പിടിച്ചെടുക്കാനുള്ള നീക്കം തുടങ്ങിയത്. വടക്കഞ്ചേരി മേഖലയില്‍ മംഗലംഡാം, ചെറുകുന്നം, എരുക്കുംചിറ പള്ളികളാണ് പിടിച്ചെടുക്കുക. പള്ളി പിടിച്ചെടുക്കുമെന്ന വിവരത്തെ തുടർന്ന് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള വിശ്വാസികൾ അതി രാവിലെ തന്നെ പള്ളിയിൽ എത്തിയിരുന്നു. വിശ്വാസികളുടെ നേതൃത്വത്തിൽ കടുത്ത പ്രതിഷേധവും നടന്ന് കൊണ്ടിരിക്കുകയാണ്.

നിലവിൽ പളളി തര്‍ക്കത്തില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായാണ് ഹൈക്കോടതി വിധി. കഴിഞ്ഞ മാസവും പൊലീസ് സംരക്ഷണയിൽ ഓർത്തഡോക്സ് വിഭാഗം പള്ളിയിൽ തിരിച്ചുപിടിക്കാൻ എത്തിയിരുന്നു. എന്നാൽ യാക്കോബായ വിശ്വാസികളുടെ കടുത്ത പ്രതിഷേധത്തെ തുടർന്ന് പൊലീസ് പിന്മാറുകയായിരുന്നു.

കേരളത്തിലെ രണ്ട് പ്രധാന ക്രിസ്തീയ സഭകളാണ് മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയും മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയും. 2017 ൽ സുപ്രീംകോടതി അന്തിമ വിധി പുറപ്പെടുവിച്ചെങ്കിലും പള്ളിയുടെ കയ്യവകാശവുമായി ബന്ധപ്പെട്ട തർക്കങ്ങൾ അവസാനിച്ചില്ല. അതിന് ശേഷം പ്രദേശങ്ങളിൽ ഇരു വിഭാഗങ്ങളുടെ ഏറ്റുമുട്ടലുകൾ വരെയുണ്ടായിരുന്നു.

To advertise here,contact us