മലപ്പുറം: നിപ ബാധിച്ച് മരിച്ച കുട്ടിയുടെ പുതിയ റൂട്ട് മാപ്പ് പുറത്തിറക്കി ആരോഗ്യവകുപ്പ്. കഴിഞ്ഞ ദിവസമാണ് നിപ സ്ഥിരികരിച്ച പതിനാലുകാരന് മരിച്ചത്. ജൂലൈ 11 മുതല് 15 വരെയുള്ള റൂട്ട് മാപ്പ് നേരത്തെ പുറത്തിറക്കിയിരുന്നു. ഇപ്പോള് പുറത്തുവിട്ടിരിക്കുന്നത് ജൂലൈ 11മുതല് 19വരെയുള്ള റൂട്ട് മാപ്പാണ്. പുതിയ മാപ്പില് പറയുന്ന സ്ഥലങ്ങളില് ഈ സമയങ്ങളില് ഉണ്ടായിരുന്നവര് കണ്ട്രോള് റൂമില് വിവരം അറിയിക്കണെമന്ന് ആരോഗ്യ വകുപ്പ് നിര്ദേശിച്ചു.
പുതിയ റൂട്ട് മാപ്പ്:
അതേസമയം കുട്ടിയുമായി സമ്പർക്കത്തില് വന്ന ഒമ്പത് പേരുടെ സാമ്പിളുകളാണ് ഇന്ന് പരിശോധിക്കുക. സമ്പർക്ക പട്ടികയിൽ ഉള്ള നാല് പേർ തിരുവനന്തപുരത്താണുള്ളത്. അതിൽ രണ്ട് പേർ പ്രൈമറി കോണ്ടാക്റ്റ് ആണ്. മറ്റ് രണ്ട് പേർ സെക്കണ്ടറി കോണ്ടാക്റ്റ് ആണ്. സമ്പർക്ക പട്ടികയിൽ ഉള്ള രണ്ട് പേർ പാലക്കാട് ജില്ലയിൽ ആണ്. അതിൽ ഒരാൾ ആരോഗ്യ പ്രവർത്തകനാണ്. സമ്പർക്ക പട്ടികയിൽ ഉള്ളവരുടെ എണ്ണം 350 ആയി. ഇതിൽ ആരോഗ്യ പ്രവർത്തകർ 68 പേരാണുള്ളത്. 101 പേർ ഹൈ റിസ്ക്ക് കാറ്റഗറിയിൽ ആണ്.
മരിച്ച കുട്ടിയുടെ കുടുംബാംഗങ്ങളുടെ സാമ്പിളുകൾ പരിശോധിക്കും. കുട്ടിക്ക് ഒപ്പം ബസിൽ സഞ്ചരിച്ചവരെ കണ്ടെത്താൻ പ്രത്യേക പരിശോധന നടത്തുന്നുണ്ട്. 144 അംഗ ടീം പാണ്ടിക്കാടും 80 അംഗ ടീം ആനക്കയത്തും വീടുകൾ കയറിയുള്ള സർവേ നടത്തുന്നുണ്ട്. മൃഗങ്ങളുടെ സാമ്പിളുകളും ശേഖരിക്കുന്നുണ്ട്. ആവശ്യമുള്ളവർക്ക് കൗൺസലിംഗ് നൽകി വരുന്നുണ്ട്. മരിച്ച കുട്ടിയുടെ സുഹൃത്തുക്കൾ അടക്കമുള്ളവർക്ക് പ്രത്യേക കൗൺസലിംഗ് നൽകും. നിപ മാപ്പിൽ ഉൾപെട്ടവർക്ക് ആശങ്ക വേണ്ട. മുൻകരുതലിന്റെ ഭാഗമായി ആണ് നിരീക്ഷണം ഏർപ്പെടുത്തിയിരിക്കുന്നത്. രോഗലക്ഷണങ്ങൾ ഉള്ളവർ ദയവായി അറിയിക്കണം. 21 ദിവസമാണ് നിരീക്ഷണത്തിൽ കഴിയേണ്ടത് എന്നും മന്ത്രി വീണ ജോർജ് പറഞ്ഞു. ആരോഗ്യ വകുപ്പിൻറെ നിപ കണ്ട്രോള് റൂം നമ്പറുകള്:0483-2732010, 0483-2732050, 0483-2732060, 0483-2732090.