മണിക്കൂറുകളോളം ഇരുട്ടില്‍; വിച്ഛേദിച്ച വൈദ്യുതി പുനഃസ്ഥാപിച്ച് കെഎസ്ഇബി

കെഎസ്ഇബി കുടുംബത്തിനെതിരെ കേസ് കൊടുത്ത് രംഗത്തെത്തിയിരുന്നു

തിരുവനന്തപുരം: വർക്കല ആയിരൂരിലെ രാജീവന്റെ വീട്ടിലെ വിച്ഛേദിച്ച വൈദ്യുതി പുനഃസ്ഥാപിച്ച് കെഎസ്ഇബി. മാധ്യമ വാർത്തകളെ തുടർന്നായിരുന്നു വൈദ്യുതി പുനഃസ്ഥാപിച്ചത്. കഴിഞ്ഞ ദിവസം മദ്യപിച്ചെത്തിയ ലൈൻമാനെതിരെ പരാതി നല്‍കിയതിനെ തുടർന്ന് രാജീവിന്റെ കുടുംബത്തെ മണിക്കൂറുകളോളമാണ് കെഎസ്ഇബി ഇരുട്ടിലാക്കിയത്.

രാജീവൻ്റെ വീട്ടിലെ വൈദ്യുതി തകരാർ പരിഹരിക്കാനെത്തിയ ജീവനക്കാർ മദ്യപിച്ച്‌ വീട്ടുകാരെ അശ്ലീലം പറഞ്ഞുവെന്നാണ് ആരോപണം. ഇതിനെതിരെ പൊലീസില്‍ പരാതി നല്‍കിയതിൻ്റെ വൈരാഗ്യത്തില്‍ മണിക്കൂറുകളോളം വീട്ടിൽ വൈദ്യുതി പുനഃസ്ഥാപിച്ചില്ലെന്നും പരാതിക്കാരൻ പറഞ്ഞു.

അതേസമയം കെഎസ്ഇബി കുടുംബത്തിനെതിരെ കേസ് നല്‍കിയിരുന്നു. ഔദ്യോഗിക ജോലി തടസപ്പെടുത്തിയെന്നാണ് കെഎസ്‌ഇബിയുടെ പരാതി. പരാതി നല്‍കിയ വീട്ടിലേക്ക് പോയ കേടാകുളം സെക്ഷനിലെ രണ്ട് ലൈൻമാൻമാരെ മോശമായ ഭാഷയില്‍ ചീത്ത വിളിക്കുകയും തിരികെ പോകാൻ സമ്മതിക്കാതെ തടഞ്ഞ് നിര്‍ത്തുകയും ചെയ്തുവെന്നാണ് കെഎസ്‌ഇബിയുടെ വാദം.

To advertise here,contact us