ആശങ്ക വേണ്ട, ജാഗ്രത മതി; നിപയെ പ്രതിരോധിക്കാന്‍ എല്ലാം സജ്ജമെന്ന് ആരോഗ്യമന്ത്രി

സമ്പര്‍ക്ക പട്ടികയിലെ രണ്ട് പേര്‍ക്ക് പനിയുണ്ട്. വൈറല്‍ പനിയാണ്. 246 പേര്‍ സമ്പര്‍ക്ക പട്ടികയിലുണ്ടെന്നും ആരോഗ്യമന്ത്രി

മലപ്പുറം: നിപ ബാധിതന്റെ ആരോഗ്യ സ്ഥിതിയില്‍ ഇതുവരെ മാറ്റമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആന്റി ബോഡി അല്‍പസമയത്തിനകം കോഴിക്കോട് എത്തിക്കും. സമ്പര്‍ക്ക പട്ടികയിലെ രണ്ട് പേര്‍ക്ക് പനിയുണ്ട്. വൈറല്‍ പനിയാണ്. 246 പേര്‍ സമ്പര്‍ക്ക പട്ടികയിലുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

63 പേര്‍ ഹൈ റിസ്‌ക്ക് കാറ്റഗറിയിലുണ്ട്. ഹൈറിസ്‌ക്ക് കാറ്റഗറിയില്‍ ഉള്ളവരുടെ സാമ്പിളുകള്‍ ശേഖരിക്കും. എന്‍ഐവി പൂനെയുടെ മൊബൈല്‍ ലാബ് ഇവിടെ എത്തും. പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളില്‍ മുഴുവന്‍ വീടുകളിലും സര്‍വേ നടത്തും. പൂര്‍ണമായി ഐസൊലേഷനില്‍ ഉള്ളവര്‍ക്ക് വേണ്ടി സഹായത്തിന് വളണ്ടിയര്‍മാരെ നിയോഗിച്ചിട്ടുണ്ട്. പൊലീസ് പെട്രോളിംഗുണ്ട്. ജനങ്ങള്‍ നന്നായി സഹകരിക്കുന്നുണ്ട്.

സമ്പര്‍ക്കത്തിലുള്ളവര്‍ ചികിത്സ തേടിയ ആശുപത്രികളിലെ സിസി ടി വി പരിശോധിക്കും. തൊട്ട് അടുത്തുള്ള പഞ്ചായത്തുകളില്‍ ഫീവര്‍ ക്ലിനിക്കുകള്‍ സ്ഥാപിക്കും. മൃഗങ്ങളുടെ സാമ്പിളുകള്‍ കൂടി ശേഖരിക്കുന്നുണ്ടെന്നും ഒരു തരത്തിലും ആശങ്ക വേണ്ട, ജാഗ്രത മതിയെന്നും വീണാ ജോര്‍ജ് പറഞ്ഞു.

രോഗ ഉറവിടം ഈ ഘട്ടത്തില്‍ സ്ഥിരീകരിക്കാനായിട്ടില്ല. അല്‍പസമയം കൂടി എടുക്കും ലഭിച്ച വിവരങ്ങള്‍ പരിശോധിച്ചു വരികയാണ്. നിപ രണ്ടു തരമുണ്ട്. മലേഷ്യന്‍ സ്‌ട്രെയിനും ബംഗ്‌ളാദേശ് സ്‌ട്രെയിനും. ഇവിടെ സ്ഥിരീകരിച്ചത് ബംഗ്ലാദേശ് സ്‌ട്രെയിന്‍ ആണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

To advertise here,contact us