നിപ: കേന്ദ്ര സംഘത്തെ കേരളത്തിലേക്ക് അയയ്ക്കും, അടിയന്തര പൊതുജനാരോഗ്യ നടപടികൾക്ക് നിർദ്ദേശം

അടിയന്തര പൊതുജനാരോഗ്യ നടപടികളെടുക്കാൻ കേരളത്തിന് കേന്ദ്രം നിർദ്ദേശം നൽകി

ഡൽഹി: കേരളത്തിൽ നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കേന്ദ്ര സംഘത്തെ സംസ്ഥാനത്തേക്ക് അയക്കുമെന്ന് കേന്ദ്രസർക്കാർ. രോഗ ബാധ അന്വേഷണം, സമ്പർക്കം കണ്ടെത്തൽ, സാങ്കേതിക കാര്യങ്ങൾ എന്നിവയിൽ സംഘം പിന്തുണ നൽകും. അടിയന്തര പൊതുജനാരോഗ്യ നടപടികളെടുക്കാൻ കേരളത്തിന് കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്.

നിപ സ്ഥിരീകരിച്ച പാണ്ടിക്കാട് സ്വദേശിയായ 14 കാരൻ മരിച്ചിരുന്നു. പിന്നാലെ നിപ രോഗലക്ഷണങ്ങളോടെ ഒരാളെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 68 വയസുകാരനെയാണ് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇയാള്‍ക്ക് നിപ രോഗബാധിതനായി മരിച്ച കുട്ടിയുമായി നേരിട്ട് സമ്പര്‍ക്കമില്ലെന്നാണ് വിവരം. റാന്‍ഡം പരിശോധനയില്‍ ഇയാളെ രോഗലക്ഷണങ്ങളോടെ കണ്ടെത്തുകയായിരുന്നു.

സമ്പര്‍ക്കത്തില്‍ ഏര്‍പെട്ടവര്‍ ആരോഗ്യ വകുപ്പിനെ ബന്ധപ്പെടണമെന്ന് നേരത്തെ അധികൃതര്‍ അറിയിച്ചിരുന്നു. സമ്പര്‍ക്കപ്പട്ടികയിലുള്ള 214 പേര്‍ നിരീക്ഷണത്തിലാണ്. 60 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലാണുള്ളത്. 15 പേരുടെ സാമ്പിള്‍ കൂടി പരിശോധനക്ക് അയച്ചു. ആനക്കയം, പാണ്ടിക്കാട് ഗ്രാമപഞ്ചായത്തുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സമ്പര്‍ക്ക പട്ടികയിലെ രണ്ട് പേര്‍ക്ക് പനിയുണ്ട്. വൈറല്‍ പനിയാണ്. 246 പേര്‍ സമ്പര്‍ക്ക പട്ടികയിലുണ്ടെന്നും ആരോഗ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. 63 പേര്‍ ഹൈ റിസ്‌ക്ക് കാറ്റഗറിയിലുണ്ട്. ഹൈറിസ്‌ക്ക് കാറ്റഗറിയില്‍ ഉള്ളവരുടെ സാമ്പിളുകള്‍ ശേഖരിക്കും. എന്‍ഐവി പൂനെയുടെ മൊബൈല്‍ ലാബ് ഇവിടെ എത്തും. പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളില്‍ മുഴുവന്‍ വീടുകളിലും സര്‍വേ നടത്തും. പൂര്‍ണമായി ഐസൊലേഷനില്‍ ഉള്ളവര്‍ക്ക് വേണ്ടി സഹായത്തിന് വളണ്ടിയര്‍മാരെ നിയോഗിച്ചിട്ടുണ്ട്. പൊലീസ് പെട്രോളിംഗുണ്ട്. ജനങ്ങള്‍ നന്നായി സഹകരിക്കുന്നുണ്ട്.

സമ്പര്‍ക്കത്തിലുള്ളവര്‍ ചികിത്സ തേടിയ ആശുപത്രികളിലെ സിസിടിവി പരിശോധിക്കും. തൊട്ട് അടുത്തുള്ള പഞ്ചായത്തുകളില്‍ ഫീവര്‍ ക്ലിനിക്കുകള്‍ സ്ഥാപിക്കും. മൃഗങ്ങളുടെ സാമ്പിളുകള്‍ കൂടി ശേഖരിക്കുന്നുണ്ടെന്നും ഒരു തരത്തിലും ആശങ്ക വേണ്ട, ജാഗ്രത മതിയെന്നും വീണാ ജോര്‍ജ് പറഞ്ഞു. രോഗ ഉറവിടം ഈ ഘട്ടത്തില്‍ സ്ഥിരീകരിക്കാനായിട്ടില്ല. അല്‍പസമയം കൂടി എടുക്കും. ലഭിച്ച വിവരങ്ങള്‍ പരിശോധിച്ചു വരികയാണ്. നിപ രണ്ടു തരമുണ്ട്. മലേഷ്യന്‍ സ്ട്രെയിനും ബംഗ്ളാദേശ് സ്ട്രെയിനും. ഇവിടെ സ്ഥിരീകരിച്ചത് ബംഗ്ലാദേശ് സ്ട്രെയിന്‍ ആണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

To advertise here,contact us