കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗ ചര്‍ച്ചകള്‍ ചോര്‍ന്നതില്‍ നേതൃത്വത്തിന് അതൃപ്തി; 'അന്വേഷിക്കണം'

കെപിസിസി അധ്യക്ഷന് എതിരെയുള്ള പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം സംബന്ധിച്ച വിവരങ്ങളായിരുന്നു പുറത്തുവന്നത്

തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിലെ ചര്‍ച്ചകള്‍ ചോര്‍ന്നതില്‍ നേതൃത്വത്തിന് അതൃപ്തി. മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ചോര്‍ത്തി നല്‍കിയത് ആരാണെന്ന് അന്വേഷിക്കണമെന്ന ആവശ്യം ശക്തമാണ്. കെപിസിസി അധ്യക്ഷന് എതിരെയുള്ള പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം സംബന്ധിച്ച വിവരങ്ങളായിരുന്നു പുറത്തുവന്നത്.

കെപിസിസി രാഷ്ട്രീയ കാര്യ സമിതിയിലെ ചര്‍ച്ചകള്‍ ചോര്‍ന്നതില്‍ നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. പാര്‍ട്ടിയുടെ പ്രധാന ചര്‍ച്ചകള്‍ പോലും മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുന്നതായാണ് വിലയിരുത്തല്‍. സംഭവം സംഘടനാ തലത്തില്‍ അന്വേഷിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. പാര്‍ട്ടി നേതൃത്വത്തെ അപകീര്‍ത്തിപ്പെടുത്താനാണ് വാര്‍ത്ത ചോര്‍ത്തി നല്‍കിയതെന്നാണ് ഒരു വിഭാഗത്തിന്‍റെ ആരോപണം.

കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മൂന്നാമത്തെ ക്യാമ്പ് എക്‌സിക്യൂട്ടീവ് ആണ് കഴിഞ്ഞ ദിവസം വയനാട്ടില്‍ നടന്നത്. ഈ യോഗത്തിലാണ് കെ സുധാകരനെതിരെ വി ഡി സതീശന്‍ വിമര്‍ശനം ഉന്നയിച്ചത്. കെപിസിസി ആസ്ഥാനത്ത് ചില പ്രാദേശിക നേതാക്കള്‍ ക്യാമ്പ് ചെയ്യുന്നതിലായിരുന്നു വി ഡി സതീശന്റെ അതൃപ്തി. കെ സുധാകരന്റെ അശ്രദ്ധ ചൂണ്ടിക്കാട്ടിയായിരുന്നു സതീശന്റെ വിമര്‍ശനം. ഇന്ദിരാഭവനില്‍ കയറാന്‍ പറ്റാത്ത സാഹചര്യമാണെന്നും സതീശന്‍ തുറന്നടിച്ചിരുന്നു.

കെ സി ജോസഫും സമാനമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. മണ്ഡലം പുനഃസംഘടനയില്‍ ചര്‍ച്ച നടക്കാത്തതാണ് കെ സി ജോസഫിനെയും എ ഗ്രൂപ്പിനെയും ചൊടിപ്പിച്ചത്. ഇത്തവണ വിശദമായ ചര്‍ച്ചകള്‍ക്കാണ് കെപിസിസി യോഗം വേദിയായത്. തദ്ദേശ സ്വയംഭരണ, നിയമസഭ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ആയിരുന്നു പ്രധാന ചര്‍ച്ച.

To advertise here,contact us