ഹാഷിഷ് ഓയിലുമായി മൂന്ന് പേർ കുമളിയിൽ പിടിയിൽ; പിടിയിലായത് പെരുമാറ്റത്തിൽ സംശയം തോന്നിയതോടെ

പൊതികളിലായി ശരീരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി മരുന്ന് കടത്തിയത്

കുമളി: ഹാഷിഷ് ഓയിലുമായി മൂന്ന് പേർ കുമളിയിൽ പിടിയിൽ. 895 ഗ്രാം ഹാഷിഷ് ഓയിലുമായാണ് മൂന്നുപേര്‍ കുമളി എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ പിടിയിലായത്. കോതമംഗലം സ്വദേശികളായ കാളാപറമ്പില്‍ അമല്‍ ജോര്‍ജ്(32), വടക്കേടത്ത്പറമ്പില്‍ സച്ചു ശശിധരന്‍(31), പാറേക്കാട്ട് പി എച്ച് അമീര്‍(41) എന്നിവരാണ് പിടിയിലായത്.

കാറിലെത്തിയ മൂന്നംഗസംഘത്തിന്റെ പെരുമാറ്റത്തില്‍ എന്തോ സംശയം തോന്നിയാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. തുടർന്നാണ് ഇവരിൽ നിന്ന് ലഹരിമരുന്ന് കണ്ടെത്തിയത്. രണ്ട് പൊതികളിലായി ശരീരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി മരുന്ന് കടത്തിയത്.

ഹാഷിഷ് ഓയില്‍ കേരളത്തിലെത്തിച്ച് ചെറിയ അളവില്‍ വില്പന നടത്തുകയായിരുന്നു മൂന്നം​ഗ സംഘത്തിൻ്റെ ലക്ഷ്യം. ആന്ധ്ര- ഒഡീഷ ബോര്‍ഡറില്‍ നിന്ന് 50,000 രൂപയ്ക്കാണ് ഹാഷിഷ് വാങ്ങിയതെന്ന് പ്രതികള്‍ മൊഴി നല്‍കി. പിടിയിലായ പ്രതികളിൽ ഒരാൾ മറ്റ് കേസുകളിലും പ്രതിയാണ്. വിപണിയിൽ ലക്ഷങ്ങളാണ് ഹാഷിഷിന് അന്താരാഷ്ട്ര മാർക്കറ്റിൽ വില. പീരുമേട് എക്‌സൈസ് സി ഐ എം കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

To advertise here,contact us