തിരുവനന്തപുരം: കെഎസ്യു യൂനിയന്റെ നേതൃത്വത്തിലിറക്കിയ കോളേജ് മാഗസിന് സംവരണത്തെ മോശമായി ചിത്രീകരിച്ചതായി ആരോപണം. കേരള അഗ്രികള്ച്ചര് യൂണിവേഴ്സിറ്റിയിലെ മണ്ണൂത്തി ഹോര്ട്ടികള്ച്ചര് ക്യാമ്പസ് യൂണിയന്റേതാണ് മാഗസിന്. കഴിഞ്ഞദിവസം പുറത്തിറക്കിയ കോളേജില് മാഗസിനിലാണ് സംവരണത്തെ കുറിച്ചുള്ള കാര്ട്ടൂണ് ഉള്ളത്.
സംവരണം മൂലം ജനറല് കാറ്റഗറിക്ക് അവസരങ്ങള് ലഭിക്കുന്നില്ല എന്ന രീതിയിലാണ് കാര്ട്ടൂണ്. സംവരണം നിമിത്തം അവസരങ്ങള് എസ്ടി, എസ്സി, ഒബിസി വിഭാഗങ്ങള്ക്ക് ലഭിച്ചതിന്റെ ബാക്കിയെ ജനറല് വിഭാഗത്തിന് ലഭിക്കുന്നുള്ളൂ എന്നാണ് കാര്ട്ടുണിന്റെ ആശയം. കാര്ട്ടൂണിനെതിരെ എസ്എഫ്ഐ രംഗത്ത് എത്തി.
കാര്ട്ടൂണ് ഭരണഘടനാ വിരുദ്ധമെന്ന് എസ്എഫ്ഐ ആരോപിച്ചു. കോളേജ് യൂണിയനെ നയിക്കുന്ന വിദ്യാര്ത്ഥി സംഘടനയുടെ പേര് കെഎസ്യു എന്നാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആര്ഷോ ഫേസ്ബുക്കില് പ്രതികരിച്ചു. 'അവരുടെ രാഷ്ട്രീയ പഠനത്തിന്റെ മോഡ്യൂള് തയ്യാറാക്കുന്നത് സംഘപരിവാര് ഫാക്ട്ടറികളിലാണ്. റഫറന്സില് മനുസ്മൃതി കാണാം, വെറുപ്പിന്റെ അച്ചടി മഷിയും..' ആര്ഷോ പ്രതികരിച്ചു.