സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകും,കേന്ദ്രം കേരളത്തിന് നൽകുന്ന അംഗീകാരം: സി കൃഷ്ണകുമാർ

ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം കേന്ദ്രം ഉടൻ നടത്തുമെന്നും സി കൃഷ്ണകുമാർ റിപ്പോർട്ടറിനോട് പറഞ്ഞു

തിരുവനന്തപുരം: തൃശൂരിൽ വിജയിച്ച സുരേഷ് ഗോപി കേന്ദ്രമന്ത്രിയായി മാറുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ. കേന്ദ്രം കേരളത്തിന് നൽകുന്ന ഒരു അംഗീകാരമായിരിക്കും അതെന്നും അദ്ദേഹം പറഞ്ഞു. ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം കേന്ദ്രം ഉടൻ നടത്തുമെന്നും സി കൃഷ്ണകുമാർ റിപ്പോർട്ടറിനോട് പറഞ്ഞു.

തുടക്കത്തില് എല്ഡിഎഫും യുഡിഎഫും മാറിമാറി ലീഡ് ചെയ്ത തൃശൂരിൽ, ഒന്നര മണിക്കൂര് കഴിഞ്ഞപ്പോള് തന്നെ ബിജെപി ലീഡ് ഉയര്ത്തുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നുവട്ടമാണ് മണ്ഡലത്തില് സന്ദര്ശനം നടത്തി സുരേഷ് ഗോപിക്കു വേണ്ടി വോട്ട് അഭ്യര്ഥിച്ചത്. കഴിഞ്ഞ തവണ 39.84 ശതമാനത്തോടെ 4,15,089 വോട്ടാണ് യുഡിഎഫിലെ ടി എന് പ്രതാപന് നേടിയത്. രണ്ടാം സ്ഥാനത്തെത്തിയ സിപിഐയിലെ രാജാജി മാത്യു തോമസിന് 30.85 ശതമാനം വോട്ട് ഷെയറും 3,21,456 വോട്ടും കിട്ടി. അന്ന് മൂന്നാമതെത്തിയ സുരേഷ് ഗോപിക്ക് 2,93,822 വോട്ടാണ് (28.2 ശതമാനം) ലഭിച്ചത്. ഇക്കുറി പാര്ലമെന്റില് ബിജെപി കേരളത്തില് നിന്ന് അക്കൗണ്ട് തുറക്കുന്നതോടെ പാര്ലമെന്ററി രാഷ്ട്രീയത്തില് കേരളത്തില് ബിജെപിക്കും സുരേഷ് ഗോപിക്കും ഇത് കുതിപ്പായി മാറും.

നടനും പത്മശ്രീ ജേതാവുമായ സുരേഷ് ഗോപിക്ക് ലോക്സഭയിലേക്ക് ഇത് രണ്ടാം അങ്കമായിരുന്നു. 2019ല് തൃശൂരില് നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. തൃശൂരില് നിന്ന് 2021ല് നിയമ സഭയിലേക്ക് മത്സരിച്ചെങ്കിലും വിജയിച്ചില്ല. 2016 മുതല് 2021 വരെ ബിജെപിയുടെ രാജ്യസഭാംഗമായിരുന്നു. മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളില് അഭിനയിച്ച അദ്ദേഹം ഗായകനും ടെലിവിഷന് അവതാരകനും കൂടിയാണ്. പഠന കാലത്ത് എസ്എഫ്ഐ പ്രവര്ത്തകനായിരുന്ന അദ്ദേഹം പിന്നീട് യുഡിഎഫ്, എല്ഡിഎഫ് സ്ഥാനാര്ഥികള്ക്കായി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയിരുന്നു. എന്നാല്, പില്ക്കാലത്ത് ബിജെപി അംഗമാവുകയും രാജ്യസഭയിലെത്തുകയുമായിരുന്നു.

To advertise here,contact us